അർജുൻ്റെ ലോറിയിൽ തടി കയറ്റി വച്ച് കെട്ടാൻ ഉപയോഗിച്ച കയറിൻ്റെ ഒരു ഭാഗം ഗംഗാവലി പുഴയിൽ നിന്നും ഇന്നത്തെ തിരച്ചിലിൽ ലഭിച്ചു. നേവിയുടെ സംഘം നടത്തിയ തിരച്ചിലിലാണ് കയറിൻ്റെ ഒരു ഭാഗം ലഭിച്ചത്. ലോറിയുടെ ഉടമ മനാഫ് കയറ് തൻ്റെ ലോറിയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ചില ലോഹ ഭാഗങ്ങൾ തിരച്ചിലിൽ ലഭിച്ചത് തൻ്റെ ലോറിയുടേതല്ലെന്ന് മനാഫ് പറയുന്നു.ഇന്ന് പത്തിൽ കൂടുതൽ തവണ ഈശ്വർ മാൽപെ ഗംഗാവലി പുഴയിൽ തിരച്ചിലിനിറങ്ങി. അർജുനടക്കം മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇനി മറ്റന്നാൾ തിരച്ചിൽ നടത്തും. പുഴയുടെ അടിത്തട്ടിൽ അടിഞ്ഞു കൂടിയിരിക്കുന്ന മണ്ണും മരങ്ങളും തിരച്ചിലിന് വലിയ തടസം സൃഷ്ടിയ്ക്കുന്നതായി നേവിയിലെ മുങ്ങൽ വിദഗ്ധർ പറഞ്ഞു. ഈശ്വർ മാൽപേയും ഇതേ അഭിപ്രായം പങ്കുവച്ചു. തിരച്ചിലിൽ കിട്ടിയ ലോഹ ഭാഗങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നൽകിയിട്ടുണ്ട്. അതിലൂടെ എന്തെങ്കിലും വിവരങ്ങൾ ലഭിയ്ക്കുമോ എന്നറിയാനാണ് ചിത്രങ്ങൾ പ്രസിദ്ധീ കരിച്ചതെന്ന് നേവി സംഘം പറഞ്ഞു.