സംസ്ഥാനത്ത് മലപ്പുറം, പാലക്കാട് ജില്ലകളിൽ ഇന്ന് (ഞായർ ) ശക്തമായ മഴ പെയ്തേയ്ക്കും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് രണ്ടു ജില്ലകളിലും ഓറഞ്ച് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ഈ മാസം പതിനാലു വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
നാളെ ( തിങ്കൾ) ഇടുക്കി, പത്തനംതിട്ട ജില്ലകളിലും മറ്റന്നാൾ ഈ രണ്ടു ജില്ലകൾ കൂടാതെ മലപ്പുറം, പാലക്കാട് ജില്ലകളിലും ഓറഞ്ച് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയോടൊപ്പം ഇടി മിന്നലിനും മണിയ്ക്കൂറിൽ 40 കി.മി വേഗത്തിൽ കാറ്റടിയ്ക്കാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് സൂചിപ്പിയ്ക്കുന്നുണ്ട്.
മിക്ക ജില്ലകളിലും നാളെ (ഓഗസ്റ്റ് – 12) മുതൽ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ള പൊക്ക സാധ്യതകൾ ഉള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറുന്നതോടൊപ്പം മികച്ച ജാഗ്രത പുലർത്താനും കാലാവസ്ഥാ വകുപ്പ് നിർദേശിയ്ക്കുന്നു.