ഹെർമൻ കാൾ ഹെസ്സെ (2 ജൂലൈ 1877 – 9 ഓഗസ്റ്റ് 1962) ഒരു ജർമ്മൻ – സ്വിസ് കവിയും നോവലിസ്റ്റും ചിത്രകാരനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികൾ ഡെമിയൻ, സ്റ്റെപ്പെൻവുൾഫ്, സിദ്ധാർത്ഥ, ദ് ഗ്ലാസ് ബീഡ് ഗെയിം (മജിസ്റ്റർ ലൂഡി എന്നും ഇത് അറിയപ്പെടുന്നു) എന്നിവയാണ്.
അദ്ദേഹത്തിന്റെ കൃതികൾ ഒരു വ്യക്തിയുടെ സമൂഹത്തിനു പുറത്തുള്ള ആത്മീയാന്വേഷണം എന്ന ആശയത്തെ അവലോകനം ചെയ്യുന്നു. 1946-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
നാസിസം ജർമനിയെ കീഴടക്കിയ കാലത്ത് അസ്വസ്ഥരായ ബെർഥോൾട് ബ്രഹ്ത്, തോമസ് മൻ എന്നിവർ പലായനം ചെയ്യുമ്പോൾ അവർ ഹെസ്സെയെക്കൂടി ക്ഷണിച്ചുവെങ്കിലും ഹിറ്റ്ലറോട് പൊരുതിനിൽക്കാനായിരുന്നു ഹെസ്സെ തീരുമാനിച്ചത്. ഹെസ്സെയുടെ ഭാര്യ ഒരു ജൂത വംശജയായിരുന്നതിനാൽ അദ്ദേഹം പരസ്യമായിത്തന്നെ നാസിപ്പടകളുടെ ചെയ്തികളെ വിമർശിച്ചു.
കാഫ്ക ഉൾപ്പെടെയുള്ള ജൂതവംശജരായ എഴുത്തുകാരുടെ കൃതികളെ നിരൂപണം ചെയ്തുകൊണ്ടും തുടരെത്തുടരെ അവർക്കുവേണ്ടി എഴുതിക്കൊണ്ടും ഹെസ്സെ ഹിറ്റ്ലറെ പ്രകോപിപ്പിച്ചു. കലയും സാഹിത്യവും ജർമനിയിൽ ഹിറ്റ്ലർ തച്ചുടച്ചു എന്ന് അദ്ദേഹം ആരോപിച്ചു. പരിണതഫലമായി ജർമനിയിലെ ഒരൊറ്റ പ്രസിദ്ധീകരണവും ഹെസ്സെയുടെ എഴുത്തുകൾ പ്രസിദ്ധീകരിച്ചില്ല. താമസിയാതെ നാസികൾ ഹെസ്സെയുടെ കൃതികൾക്ക് നിരോധനവും ഏർപ്പെടുത്തി.
ഗ്ളാസ് ബ്ളീഡ് ഗെയിം’ ആണ് ഹെസ്സെയുടെ അവസാനത്തെ നോവൽ. തന്റെ ജീവിതസായാഹ്നത്തിലെ ഇരുപത് വർഷങ്ങൾ അദ്ദേഹം ചെറുകഥകൾക്കും ആത്മകഥാംശമുള്ള ലേഖനങ്ങൾക്കും പ്രകൃതിസ്നേഹമുള്ള കവിതകൾക്കുമായി മാറ്റിവെച്ചു. ജലചായത്തിൽ തല്പരനായിരുന്ന ഹെസ്സെ ചിത്രങ്ങൾക്കായും സമയം കണ്ടെത്തി. ആരാധകർ അയയ്ക്കുന്ന കത്തുകൾക്ക് മറുപടിയെഴുതുക എന്നത് വലിയൊരു ഉത്തരവാദിത്തമായി അദ്ദേഹം കരുതിയിരുന്നു.
1962-ൽ എൺപത്തിയഞ്ചാം വയസ്സിൽ അന്തരിക്കുന്നതുവരെയും നൊബേൽ സമ്മാനജേതാവായി മാറിയതിന്റെ വിജയഗാഥകളെക്കാൾ വ്യക്തിജീവിതത്തിലുണ്ടായിരുന്ന പരാജയങ്ങളെക്കുറിച്ചാണ് ഹെസ്സെ തന്റെ ആരാധകരോട് പറഞ്ഞിരുന്നത്.
ഒരു എഴുത്തുകാരൻ എന്ന നിലയിൽ അതിജീവനത്തിൻ്റെയും പോരാട്ടത്തിൻ്റെയും പ്രതീകമാണ് ഹെർമൻ ഹെസ്സെ എന്ന് നിസംശയം പറയാം.