വയനാടിൻ്റെ പേരു പറഞ്ഞ് പണപ്പിരിവ് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പൊതു താത്പര്യ ഹർജി സമർപ്പിച്ച അഭിഭാഷകന് മുട്ടൻ പണി കൊടുത്ത് ഹൈക്കോടതി. ഇക്കാര്യത്തിൽ എന്തു പൊതു താത്പ്പര്യമാണുള്ളതെന്ന് ചോദിച്ച കോടതി 25,000 രൂപ ഹർജിക്കാരൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പിഴയായി നൽകാനും വിധിച്ചു.
കാസർഗോഡുള്ള അഭിഭാഷകനും മുസ്‌ലിം ലീഗുമായി സജീവ ബന്ധം പുലർത്തുകയും ചെയ്യുന്ന സി ഷുക്കൂറിനാണ് ഇത്തരത്തിൽ പിഴയൊടുക്കേണ്ടി വന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ‘ ന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിൽ വക്കീൽ വേഷത്തിൽ അഭിനയിച്ച നടനും കൂടിയാണ് ഷുക്കൂർ.
ഒരു ആപത്ഘട്ടത്തിൽ സംഭാവന നൽകുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിനാണ് സംശയിക്കുന്നതെന്നും കോടതി ചോദിച്ചു. വിവിധ സംഘടനകൾ അവരുടെ അക്കൗണ്ട് വഴി ഫണ്ട് ശേഖരിക്കുന്നുണ്ടന്നും അത് നിരീക്ഷിക്കുന്നതിന് ഒരു സംവിധാനവും നിലവിലില്ലെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.