സിവിൽ ഡിഫൻസിൽ അംഗമാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രത്യേക ആകസ്മിക അവധി

At Malayalam
1 Min Read

കേരള അഗ്‌നിരക്ഷാ വകുപ്പിനു കീഴിൽ പ്രവർത്തിച്ചുവരുന്ന സന്നദ്ധസേനയായ സിവിൽ ഡിഫൻസിൽ അംഗമാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാപന മേധാവിയുടെ അനുവാദത്തോടെ സിവിൽ ഡിഫൻസ് പരിശീലനം, ദുരന്തമുഖങ്ങളിലെ സന്നദ്ധ പ്രവർത്തനം എന്നിവയിൽ ഏർപ്പെടുന്ന കാലയളവിൽ ജില്ലാ ഫയർ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ആകസ്മിക അവധി അനുവദിച്ച് സർക്കാർ ഉത്തരവിട്ടു.

സിവിൽ ഡിഫൻസിൽ അംഗമാകാൻ ആഗ്രഹിക്കുന്ന സേവന തൽപരരായ സർക്കാർ ഉദ്യോഗസ്ഥർക്ക് അഗ്‌നിരക്ഷാ വകുപ്പിന്റെ സിവിൽ ഡിഫൻസ് വെബ്‌സൈറ്റായ cds.fire.kerala.gov.in ൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സിവിൽ ഡിഫൻസ് കൺട്രോൾ റൂം സ്റ്റേഷൻ ഓഫീസറുടെ 9497943427 എന്ന നമ്പരിൽ ബന്ധപ്പെടാം.

രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അപകട മേഖലകളിലെ രക്ഷാപ്രവർത്തനം, പ്രഥമ ശുശ്രൂഷ എന്നിവയെ അടിസ്ഥാനമാക്കി 15 ദിവസത്തെ പരിശീലനം സർക്കാർ ഉദ്യോഗസ്ഥന്റെ താമസസ്ഥലത്തിനു സമീപമുള്ള ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലും ജില്ലാ ആസ്ഥാന പരിശീലന കേന്ദ്രത്തിലും നൽകും. പരിശീലനം നേടിയ ഉദ്യോഗസ്ഥർക്ക് തദ്ദേശീയമായി ഉണ്ടാകുന്ന അപകടസാഹചര്യങ്ങളിൽ അപകടത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കാര്യക്ഷമമായി ഇടപെട്ട് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിക്കും. സിവിൽ ഡിഫൻസിൽ അംഗമാകുന്ന  സന്നദ്ധപ്രർത്തകർക്ക് യൂണിഫോം, വ്യക്തിസുരക്ഷാ ഉപകരണങ്ങൾ എന്നിവ വകുപ്പ് നൽകും. മികച്ച സേവനം കാഴ്ചവയ്ക്കുന്ന സർക്കാർ ഉദ്യോഗസ്ഥരായ സിവിൽ ഡിഫൻസ് അംഗങ്ങൾ ഇന്ത്യൻ പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള മെഡലുകൾക്ക് ഉൾപ്പെടെ അർഹരാകുന്നതാണ്. സേവന സന്നദ്ധതയുള്ള പരമാവധി സർക്കാർ ഉദ്യോഗസ്ഥർ സിവിൽ ഡിഫൻസിൽ അംഗമാകണമെന്ന് അഗ്‌നിരക്ഷാ വകുപ്പ് മേധാവി കെ പദ്മകുമാർ അറിയിച്ചു.

Share This Article
Leave a comment