പുനരധിവാസ പദ്ധതികളുടെ ഏകോപനം തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് മന്ത്രി എം ബി രാജേഷ്

At Malayalam
1 Min Read

വയനാട് ദുരന്ത ബാധിതര്‍ക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏകോപനം ഉറപ്പാക്കണമെന്ന് മന്ത്രി എം ബി രാജേഷ്. ഹരിത പ്രോട്ടോക്കോൾ പാലനം, മാലിന്യനിർമാര്‍ജനം, ഉപജീവന പദ്ധതികൾ, ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, കൗൺസിലിംഗ്, താത്ക്കാലിക പുനരധിവാസം, രേഖകളുടെ വിവര ശേഖരണം എന്നിവയിൽ അടിയന്തര ഇടപെടൽ വേണം. നഷ്ടമായ രേഖകളുടെ വിവരശേഖരണത്തിന് ശേഷം ഇവ എത്രയും വേഗം ലഭ്യമാക്കണം. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഐ ടി മിഷനും അക്ഷയയ്ക്കും പഞ്ചായത്തുകള്‍ക്കും നൽകണം.

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന് ആദിവാസി മേഖലയിൽ ഒരുക്കിയ പ്രത്യേക ക്യാമ്പ് മാതൃക ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിലും പിന്തുടരാമോ എന്ന് പരിശോധിക്കണമെന്ന് ടി സിദ്ദിഖ് എം എൽ എ പറഞ്ഞു. പുനരധിവാസത്തിന് കൽപ്പറ്റ മുനിസിപ്പാലിറ്റിയും നാല് പഞ്ചായത്തുകളും അടങ്ങുന്ന മേഖലയിൽ ഉപയോഗ യോഗ്യമായ കെട്ടിടങ്ങളുടെ കണക്കെടുപ്പ് നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ നിർദ്ദേശിച്ചു.

വിവരശേഖരണത്തിനും ശുചീകരണ പ്രവർത്തനങ്ങൾക്കും കൂടുതൽ അംഗങ്ങളെ ആവശ്യമാണെങ്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നിയമനം നടത്താമെന്ന് യോഗത്തിൽ തീരുമാനമായി. മേപ്പാടി വൈസ് പ്രസിഡണ്ട് രാധ രാമസ്വാമി പഞ്ചായത്ത് തലത്തിൽ നടത്തുന്ന പ്രവർത്തനങ്ങളും ഏകോപന രീതികളും വിശദീകരിച്ചു.

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ഒ ആർ കേളു, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, എൽ എസ് ജി ഡി റൂറൽ ഡയറക്ടർ ദിനേശൻ, എം ജി എൻ ആർ ഇ ജി എസ് മിഷൻ ഡയറക്ടർ എ നിസാമുദ്ദീൻ, മേപ്പാടി പഞ്ചായത്ത് സെക്രട്ടറി നൗഷാദലി, കുടുംബശ്രീ, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

- Advertisement -
Share This Article
Leave a comment