74-ന്റെ നിറവിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി
കവി, ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, ശാസ്ത്രീയ സംഗീതജ്ഞൻ, അഭിനേതാവ്, സിനിമാ സംവിധായകൻ, മ്യൂസിക് തെറാപ്പി എന്ന ചികിത്സാരീതിയുടെ പ്രചാരകൻ അങ്ങനെ പലനിലയിൽ മലയാളികൾക്ക് സുപരിചിതൻ.
കണ്ണൂർ ജില്ലയിലെ കൈതപ്രം എന്ന ഗ്രാമത്തിൽ കണ്ണാടി ഇല്ലത്തു കേശവൻ നമ്പൂതിരിയുടെയും (കണ്ണാടി ഭാഗവതർ എന്നറിയപ്പെടുന്നു) അദിതി അന്തർജ്ജനത്തിന്റെയും മൂത്ത മകനായി 1950 ഓഗസ്റ്റ് 4 ന് ജനനം. അച്ഛൻ കേശവൻ നമ്പൂതിരി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം കർണാടക സംഗീതം പഴശ്ശിത്തമ്പുരാൻ, കെ പി പണിക്കർ, പൂഞ്ഞാർ കോവിലകത്തെ ഭവാനിത്തമ്പുരാട്ടി, എസ് വി എസ് നാരായണൻ എന്നിവരുടെ ശിക്ഷണത്തിൽ അഭ്യസിച്ചു. ഇടയ്ക്കു കുടുംബക്ഷേത്രത്തിലെ പൂജാരിയുമായി.
എസ് വി എസ് നാരായണന്റെ ശിഷ്യനായിരിക്കെ തിരുവനന്തപുരത്ത് ‘തിരുവരങ്ങ്’ എന്ന നാടക സമിതിയുമായി ബന്ധപ്പെട്ടു. 1970 ൽ കവിത- ഗാന രംഗത്തേക്കു കടന്നു. നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹ’ത്തിൽ നടനും സംഗീതസംവിധായകനും ഗായകനുമായി. 1980 ൽ മാതൃഭൂമിയിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിച്ചു.
യേശുദാസിന്റെ ‘തരംഗിണി’ക്കുവേണ്ടി എഴുതിയ ചില പാട്ടുകളാണ് സിനിമയിലേക്കുള്ള വഴി തുറന്നത്.1986 ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലെ ദേവദുന്ദുഭീ സാന്ദ്രലയ…. മാണ് ആദ്യമെഴുതിയ ചലച്ചിത്രഗാനം. കുടുംബപുരാണം എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയനായി. സോപാനം എന്ന ചിത്രത്തിനുവേണ്ടി തിരക്കഥയും എഴുതി. സ്വാതിതിരുനാൾ, ആര്യൻ, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, ദേശാടനം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
നീളേ നീളേ വനത്തിൽ നടപ്പു ഞാൻ….,അത്തിളി കരിങ്കുഴലി ഇക്കിളി ചെമ്പരത്തി…, വെള്ളിലംകാട്ടില്‍ ചൂളമടിക്കും കുയിലേ…, ഇക്കാറ്റിലൊരമ്പുണ്ടോ… ഗ്രാമീണ ഗാനങ്ങൾ.
ഓ പൂവട്ടക തട്ടിച്ചിന്നി…, ദേവദുന്ദുഭി സാന്ദ്രലയം…, പൊന്മുരളിയൂതും കാറ്റിൽ… , താലോലം താനേ താരാട്ടും…, ശ്യാമാംബരം നീളേ…, മൈനാകപ്പൊൻ മുടിയിൽ…, ഇന്ദുലേഖ കൺ തുറന്നു…, കണ്ണീർ പൂവിന്റെ കവിളിൽ തലോടി…, പുതുമഴയായ് പൊഴിയാം…, ദൂരെ ദൂരെ സാഗരം തേടി… , പ്രമദവനം വീണ്ടും…, രാമകഥ ഗാനലയം…., കണ്ണിൽ നിൻ മെയ്യിൽ… ഉൾപ്പെടെ നിരവധി ഹിറ്റ് ഗാനങ്ങളുടെ രചനയും എങ്ങനെ ഞാൻ ഉറക്കേണ്ടൂ… , നാവാ മുകുന്ദ ഹരേ…, കളിവീടുറങ്ങിയല്ലോ…, ദൈവമേ നിന്റെ ദിവ്യകാരുണ്യം…, വലം പിരി ശംഖിൽ പുണ്യോദകം…, എന്തിഷ്ടമാണെനിക്കെന്നോ… , വേളിക്ക് വെളുപ്പാൻകാലം…., വണ്ണാത്തിപ്പുഴയുടെ തീരത്ത്…, ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ…, അമ്പിളിപ്പൂവട്ടം പൊന്നുരുളി…, കണ്ണേ ഉറങ്ങുറങ്ങ്…, ശിലയായ് പിറവിയുണ്ടെങ്കിൽ…, വാർതിങ്കളുദിക്കാത്ത വാസന്ത… , ഗംഗേ മഹാമംഗളെ…
കൈക്കുടന്ന നിലാവ് എന്ന ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികളായ മലയണ്ണാർ കണ്ണൻ…, മംഗളദീപവുമായ്…, കാവേരി തീരത്തെ…, ഇനിയും പരിഭവമരുതേ… ഉൾപ്പെടെ നിരവധി ഗാനങ്ങൾക്ക് രചനയും സംഗീതവും നൽകിയിട്ടുണ്ട്.
രവീന്ദ്രൻ മാസ്റ്റർ, വിദ്യാസാഗർ, മോഹൻ സിത്താര, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, എം ജി രാധാകൃഷ്ണൻ, രഘുകുമാർ ഉൾപ്പെടെ വിവിധ സംഗീത സംവിധായകരുടെ
ഏകദേശം 350 ൽ അധികം സിനിമകൾക്കായി പാട്ടെഴുതിയെങ്കിലും കൈതപ്രം – ജോൺസൺ കൂട്ടുകെട്ടിലാണ് ഏറ്റവുമധികം സൂപ്പർ ഹിറ്റ് ഗാനങ്ങൾ പിറന്നത്. 1989 ൽ വരവേൽപ്പ് എന്ന ചിത്രത്തിലൂടെയാണ് ജോൺസണുമായി കൈതപ്രം കൂട്ടുകൂടിയത്.
1993 ൽ പൈതൃകത്തിലെ ഗാനരചനയ്ക്കും 1996 ൽ അഴകിയ രാവണൻ എന്ന ചിത്രത്തിലെ ഗാനരചനയ്ക്കും സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ ലഭിച്ചു. നാടകഗാന രചനയ്ക്കും രണ്ടുതവണ സംസ്ഥാന സർക്കാർ പുരസ്കാരം നേടിയിട്ടുണ്ട്. 1996 ൽ ദേശാടനത്തിലൂടെ സംഗീതസംവിധായകനുമായി. 1997 ൽ കാരുണ്യത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. കർണാടക സംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്കാരവും പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ സ്ഥാപിച്ച സ്വാതിതിരുനാൾ കലാകേന്ദ്രം സംഗീതപഠനത്തിനും ഗവേഷണത്തിനുമുളള ഒരു മാതൃകാ സ്ഥാപനമാണ്.
രോഗശമനത്തിന് സംഗീതചികിത്സ ഫലപ്രദമാണെന്നു തെളിയിക്കാൻ കേരളത്തിലെ നിരവധി ആതുരാലയങ്ങളിൽ അദ്ദേഹം സംഗീതപരിപാടികളും ഗവേഷണങ്ങളും നടത്തിവരുന്നു. സഹോദരങ്ങൾ കണ്ണാടി വാസുദേവൻ നമ്പൂതിരി, സരസ്വതി, തങ്കം, അന്തരിച്ച സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ എന്നിവരാണ്. അന്തരിച്ച നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകൾ ദേവി അന്തർജ്ജനമാണ് ഭാര്യ, മക്കൾ പിന്നണിഗായകനായ ദീപാങ്കുരൻ, ദേവദർശൻ. കോഴിക്കോട് തിരുവണ്ണൂർ ദേശത്തിൽ താമസിക്കുന്നു