ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതി. അർജുനായുള്ള തിരച്ചിൽ ഇപ്പോൾ നടക്കാത്തതിലുള്ള കുടുംബത്തിൻ്റെ ആശങ്കയും കത്തിൽ മുഖ്യമന്ത്രി പങ്കുവച്ചു.
മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ പുഴയിലിറങ്ങി പരിശോധിയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. പുഴയിലെ അടിയൊഴുക്ക് ശക്തമാണന്നും പുഴയിൽ ഇറങ്ങുന്നത് അപകടമാണന്നുമാണ് അധികൃതർ പറയുന്നത്. നേരത്തേ ഒരു തവണ മാൽപെ പുഴയിലിറങ്ങിയപ്പോൾ സുരക്ഷാ വടം പൊട്ടി വെള്ളത്തിൽ താഴ്ന്നിരുന്നു.
മുഖ്യമന്ത്രി ഇന്ന് കോഴിക്കോടുള്ള അർജ്ജുൻ്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടിരുന്നു. പതിനഞ്ചു മിനിറ്റോളം അവിടെ ചെലവഴിച്ച മുഖ്യമന്ത്രി അർജ്ജുനെ കണ്ടെത്താനുള്ള എല്ലാ സഹായവും നൽകുമെന്ന് മാതാപിതാക്കളെ അറിയിച്ചിരുന്നു. ഏതു പ്രയാസ ഘട്ടത്തിലും സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി അർജ്ജുൻ്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി കർണാടക മുഖ്യമന്ത്രിയ്ക്ക് കത്തയച്ചത്.