കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. 12 മണിയോടെ മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു. അതേസമയം അർജുനായുള്ള തിരച്ചിൽ നിലവിൽ അനിശ്ചിതത്വത്തിലാണ്. മുങ്ങൽ വിദഗ്ധൻ ഈശ്വരൻ മാൽപയ്ക്ക് പുഴയിലിറങ്ങാൻ അനുമതി ലഭിച്ചിട്ടില്ല. പുഴയിൽ അടിയൊഴുക്ക് ശക്തമാണെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.
ദൗത്യം ഇന്ന് തുടരുമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു. മഴയുണ്ടെങ്കിലും തിരച്ചിലിന് താൻ തയ്യാറാണെന്ന് ഈശ്വരൻ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു മണിവരെ പുഴയിലിറങ്ങി തിരച്ചിൽ നടത്താൻ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ അനുമതി ഇല്ലാതെ ഇറങ്ങുവാനാകില്ല എന്ന് മാൽപെയും സംഘവും അറിയിച്ചു.