ദുരന്തത്തിൻ്റെ നാലാം നാൾ പുനർജന്മമായി നാലു പേർ. വയനാട്ടിലെ ദുരന്തമണ്ണിൽ നിന്ന് ആശ്വാസമായി പുനർജനിച്ച് നാലു ജീവനുകൾ. സൈന്യത്തിൻ്റെ തിരച്ചിലിൽ പടവെട്ടിക്കുന്ന് എന്ന സ്ഥലത്തുള്ള മല വെള്ള പാച്ചിലിൽ തകർന്നുടഞ്ഞ വീടിനുള്ളിലെ മണ്ണിൽ നിന്നും നാലു ജീവനുകൾ, കാഞ്ഞിരിക്കത്തോട് എന്ന കുടുംബത്തിലെ നാലു പേർ ജീവനോടെ രക്ഷാപ്രവർത്തകർക്കുനേരേ കൈ നീട്ടി.
ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവർ പുതിയ ജീവിതത്തിലേക്ക് രക്ഷാകരങ്ങളിൽ പിടിച്ച് എണീറ്റു നിന്നു. പകുതിയിലേറെ തകർന്നു വീണ കൂരയ്ക്കു കീഴിൽ ഒന്നു ഒച്ചവയ്ക്കാൻ പോലുമാകാതെ നാലു പേർ. ഹെലികോപ്ടറിൽ, ഒട്ടും വൈകാതെ നാലു പേരെയും സുരക്ഷിതമായി ആശുപത്രിയിലേയ്ക്കു മാറ്റി. രക്ഷപ്പെട്ടവരിൽ ഒരു സ്ത്രീയുടെ കാലിനു പരിക്കുള്ളതായി രക്ഷപ്പെടുത്തിയ സൈനികർ പറഞ്ഞു. വെള്ളിടി പോലെ വന്നു പതിയ്ക്കുന്ന വിവരങ്ങൾക്കിടയിൽ നിന്ന് ഒരു വെള്ളി വെളിച്ചമായി ഈ വാർത്തയും.