തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി അകമലയിൽ ഉരുൾപൊട്ടൽ സാധ്യത മുൻനിർത്തി 25 കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. അതേ സമയം രണ്ട് മണിക്കൂറിനുള്ളിൽ സ്ഥലത്തു നിന്ന് ഒഴിഞ്ഞു പോകണം എന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണന്ന് തൃശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ പറഞ്ഞു.
അകമലയിൽ മൂന്നിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് അവിടെ നിന്നും താൽക്കാലികമായി കുടുംബങ്ങളെ മാറ്റേണ്ടി വന്നത്. ക്യാമ്പിലേക്കു മാറ്റിയവർക്കു വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ടന്നും കളക്ടർ പറഞ്ഞു. സോയിൽ കൺസർവേഷൻ, മൈനിംഗ് ആൻ്റ് ജിയോളജി, ഗ്രൗണ്ട് വാട്ടർ എന്നീ വകുപ്പുകൾക്കൊപ്പം റവന്യൂ വകുപ്പും ചേർന്നാണ് പരിശോധന നടത്തിയത്.
മാറ്റി പാർപ്പിച്ച 25 കുടുംബാംഗങ്ങൾക്കുള്ള എല്ലാ സൗകര്യങ്ങളും വടക്കാഞ്ചേരി ബോയ്സ് സ്കൂളിലെ ക്യാമ്പിൽ ചെയ്തിട്ടുള്ളതായി നഗരസഭയും അറിയിച്ചു.