കുടിവെള്ള കിണറുകളിൽ സ്ഥാപിച്ചിട്ടുള്ള പമ്പുസെറ്റുകൾ മോഷ്ടിക്കുന്ന ദമ്പതികളെ പൊലിസ് പിടി കൂടി. ഹരിപ്പാട് കാർത്തിക പള്ളി സ്വദേശി രാജേഷും ഭാര്യ താരയുമാണ് പിടിയിലായത്. രാജേഷിന് 42 ഉം താരയ്ക്ക് 29 വയസുമാണ് പ്രായം. ആലപ്പുഴ ജില്ലയിലെ എണ്ണയ്ക്കാട് മേഖലയിലെ കിണറുകളിൽ നിന്ന് നിരവധി പമ്പുസെറ്റുകൾ ഇവർ മോഷ്ടിച്ചതായാണ് നിഗമനം.
എണ്ണയ്ക്കാട് വില്ലേജ് ഓഫിസിലെ കിണറിൽ ഘടിപ്പിച്ചിരുന്ന പമ്പ് കാണാതായി, പിന്നാലെ യു പി സ്കൂളിലും സമാനമായി മോട്ടോർ അപ്രത്യക്ഷമായി. പിന്നാലെ നിരവധി സ്ഥാപനങ്ങളിലേയും ചില വീടുകളിലേയും പമ്പു സെറ്റുകളും മോഷ്ടിക്കപ്പെട്ടു. കൂടാതെ നിരവധി സ്ഥലങ്ങളിൽ മോഷണവും മോഷണശ്രമങ്ങളും നടന്നു. ഇതിനിടെ ചിലർ മോഷ്ടാക്കളെ കണ്ടതായി പൊലിസിൽ അറിയിച്ചു. പുരുഷനും സ്ത്രീയുമാണ് മോഷ്ടാക്കളെന്ന സംശയവും പറഞ്ഞു.
തുടർന്ന് സമീപ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പൊലിസിന് ദൃക്സാക്ഷികൾ പറഞ്ഞ കാര്യങ്ങളോട് പൊരുത്തം തോന്നിയതിനാൽ വിശദമായ അന്വേഷണം നടത്തി. തുടർന്നാണ് ദമ്പതികൾ പിടിയിലായത്. മോഷ്ടാക്കളെ പൊലിസ് കോടതിയിൽ ഹാജരാക്കി