ഉന്നതമായ ചിന്തയാണ് മികച്ച തിരക്കഥകളുടെ അടിസ്ഥാനമെന്ന് പ്രശസ്ത തിരക്കഥാകൃത്ത് ഉർമി ജുവേകർ. മികച്ച തിരക്കഥകൾ പ്രേക്ഷകരിൽ ആകാംക്ഷയും പ്രതീക്ഷയും സൃഷ്ടിക്കുമെന്നും ബന്ധങ്ങളുടെ വികാരതീവ്രത അവരെ കഥയോടടുപ്പിക്കുമെന്നും ഉർമി പറഞ്ഞു. ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള മാസ്റ്റർ ക്ലാസ്സിൽ പങ്കെടുക്കുകയായിരുന്നു അവർ. യഥാർത്ഥ സംഭവം മാധ്യമങ്ങളിൽ വാർത്തയായി വരുന്നതും സീരീസോ സിനിമയോ ആകുന്നതും വ്യത്യസ്തമാണ്. രാജ്യത്തെ ഞെട്ടിച്ച ആരുഷി കൊലക്കേസ് ആധാരമാക്കിയായിരുന്നു അവർ ഇക്കാര്യം വ്യക്തമാക്കിയത്. കഥയെഴുത്ത് പഠിപ്പിക്കുന്നതിനേക്കാൾ കഥയെഴുതാൻ സഹായിക്കാനാണ് തനിക്ക് തൽപര്യമെന്നും അവർ വ്യക്തമാക്കി. സംവിധായിക പ്രാച്ചി ബച്ചാനിയ ചടങ്ങിൽ മോഡറേറ്ററായിരുന്നു.