ഇന്നലെ തിരുവനന്തപുരം മംഗലപുരത്ത് കണ്ട കാട്ടുപോത്തിനെ വനം വകുപ്പ് സംഘം മയക്കുവെടി വച്ചു. പിരപ്പൻകോട് വരെ ഇന്ന് രാവിലെ എത്തിയ കാട്ടുപോത്തിനെ വനം വകുപ്പ് ഉദ്യോഗസ്ഥരും നിരീക്ഷിച്ച് പിന്തുടരുകയായിരുന്നു. പിരപ്പൻകോടുള്ള മാണിക്കലുള്ള പൊന്തക്കാട്ടിൽ കിടന്ന കാട്ടുപോത്തിനെ സൗകര്യ പ്രദമായി വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവയ്ക്കുകയായിരുന്നു.
വെടി കൊണ്ട പോത്ത് സമീപത്തുണ്ടായിരുന്ന മതിലിടിച്ചു മറിച്ച് ജനവാസ മേഖലയിലൂടെ ഓടി. ഇതിൻ്റെ ഫലമായി പ്രദേശമാകെ പരിഭ്രാന്തി പരക്കുകയും ചെയ്തു. മയക്കു വെടിയേറ്റ കാട്ടുപോത്ത് ഒടുവിൽ തെന്നൂർ ദേവിക്ഷേത്രത്തിനു സമീപം കുഴഞ്ഞു വീണു. വനം വകുപ്പിലെ വെറ്റേറിനറി ഡോക്ടർമാരെത്തി പോത്തിൻ്റെ ആരോഗ്യ നില പരിശോധിച്ചു. പോത്തിനെ ഉൾക്കാട്ടിൽ കൊണ്ടു പോയി തുറന്നുവിടാനാണ് ഉദ്ദേശിക്കുന്നതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു