12 വയസുകാരിക്ക് ഹൃദയം വിജയകരമായി മാറ്റി വച്ചതിലൂടെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെൻ്ററും ചരിത്രം കുറിച്ചു. ശ്രീ ചിത്രയിലെ ഡോ സൗമ്യ രമണൻ്റെ നേതൃത്വത്തിലാണ് മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ ഹൃദയം 12 കാരിയിൽ മാറ്റി വച്ചത്. തൃശൂർ സ്വദേശിയായ അനുഷ്‌കയ്ക്കാണ് അതി സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഹൃദയം ഇഴ തുന്നിചേർത്തത്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ ഡാനി എന്ന അധ്യാപികയുടെ ഹൃദയമാണ് 12 കാരിയിൽ മിടിച്ചു തുടങ്ങിയത്. ഹൃദയം ഉൾപ്പെടെ അധ്യാപികയുടെ അഞ്ച് അവയവങ്ങൾ മറ്റുള്ളവർക്ക് തുണയാകും. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് അധ്യാപികയെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് മസ്തിഷ്ക്കമരണം സംഭവിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതിക്കുകയായിരുന്നു.
കിംസ് ആശുപത്രിയിൽ നിന്നും മൂന്നു മിനിറ്റുകൾക്കുള്ളിൽ ഹൃദയം ശ്രീചിത്രയിൽ എത്തിച്ച് കാർഡിയോ മയോപ്പതി എന്ന രോഗം ബാധിച്ച അനുഷ്‌ക്കയ്ക്ക് നൽകുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുകയും 12 കാരിയിൽ ഹൃദയം പ്രവർത്തനം തുടങ്ങുകയും ചെയ്തു.