ഓർമയിലെ ഇന്ന്, ജൂലൈ 19, ബാലാമണി അമ്മ

At Malayalam
1 Min Read

ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിൽ ബാലാമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു.

അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാർഗ്ഗദർശകമായി. 1928-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി എം നായരെ വിവാഹം ചെയ്തു.

1977-ലാണ് അദ്ദേഹം അന്തരിക്കുന്നത്. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ഡോ മോഹൻദാസ്, ഡോ ശ്യാം സുന്ദർ, ഡോ സുലോചന നാലപ്പാട് എന്നിവരാണ് മറ്റു മക്കൾ.

- Advertisement -

ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതാസമാഹാരം ഇറങ്ങുന്നത് 1930-ലാണ് – ‘കൂപ്പുകൈ‘. കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്തു തമ്പുരാനിൽനിന്ന് 1947-ൽ ‘സാ‍ഹിത്യനിപുണ‘ബഹുമതി നേടി. പിന്നീട് നിരവധി പുരസ്കാരങ്ങളും ബഹുമതികളും അവരെ തേടിയെത്തി. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും അവയിൽ മുന്നിട്ടുനിന്നു.

അഞ്ചുവർഷത്തോളം അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്.

2004 സെപ്റ്റംബർ 29-നായിരുന്നു മരണം.

Share This Article
Leave a comment