ശനിയാഴ്ച കണ്ണൂർ ചെങ്ങളായിയിൽ ശ്രീകണ്ഠാപുരത്ത് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിടത്ത് വീണ്ടും അമൂല്യ വസ്തുക്കൾ കണ്ടെത്തി. പ്രദേശത്ത് മഴക്കുഴി നിർമാണത്തിനായി എത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിധിയെന്ന് സംശയിക്കുന്ന വസ്തുക്കൾ ലഭിച്ചത്. ബോംബാണെന്ന് വിചാരിച്ച് ആദ്യം കളയാൻ നോക്കിയെന്നും പിന്നീട് തങ്ങൾ തുറന്ന് നോക്കിയപ്പോൾ വെള്ളിനാണയങ്ങൾ ചെളിപിടിച്ച രീതിയിലായിരുന്നെന്നും കഴുകിയെടുത്തപ്പോഴാണ് അവ തിളങ്ങിവന്നതെന്നും നാണയങ്ങളില്‍ അറബിയില്‍ അക്കങ്ങളും അക്ഷരങ്ങളും എഴുതിയിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.
17 മുത്തുമണികൾ, 13 സ്വർണപ്പതക്കങ്ങൾ, കാശുമാലയുടെ 4 പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവയാണ് കുടത്തിനുള്ളിൽ നിന്ന് ആദ്യം ലഭിച്ചത്. പിന്നീട് കഴിഞ്ഞ ദിവസം മഴക്കുഴിക്കു സമീപത്തായി വീണ്ടും കുഴിച്ചതോടെയാണ് ശനിയാഴ്ച രാവിലെ 4 വെള്ളിനാണയങ്ങളും 2 സ്വർണമുത്തും കൂടി ലഭിച്ചത്. പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിൽ അതി പുരാതന നൂറ്റാണ്ടുകളിലെ നാണയങ്ങളല്ല കണ്ടെത്തിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശം വന്നാൽ മാത്രമേ പുരാവസ്തു വകുപ്പ് പ്രാഥമിക പരിശോധനകൾ തുടങ്ങാനാകൂ. മൂല്യം കണക്കാക്കി പിന്നീട് സ്ഥലം ഉടമയ്ക്ക് അർഹമായ വിഹിതം നൽകുമെന്നും വകുപ്പ് അറിയിച്ചു. ലഭിച്ച വസ്തുക്കൾ അടങ്ങിയ കുടം പൊലീസ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.