സത്യൻ അന്തിക്കാട് – മോഹൻലാൽ ടീം എന്നു കേൾക്കുമ്പോൾ തന്നെ മലയാളിയുടെ മനസിൽ ഒരു പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദമുണ്ടാകും. നാടോടിക്കാറ്റിലേയും വരവേൽപ്പിലേയും ഗാന്ധിനഗർ സെക്കൻ്റ് സ്ട്രീറ്റിലേയും ടി പി ബാലഗോപാലൻ എം എ യിലേയും ജീവിതഗന്ധിയായ ഗ്രാമീണ മുഹൂർത്തങ്ങൾ ഒന്നൊന്നായി മനസിൽ തെളിഞ്ഞു വരും. അത്രയേറെ ജീവിതഗന്ധിയും നൈസർഗികതയും നിറഞ്ഞതായിരുന്നു ഓരോ സത്യൻ – ലാൽ ചിത്രങ്ങളും.
ആ കൂട്ടുകെട്ട് ഒമ്പത് കൊല്ലങ്ങളായി മലയാളി കണ്ടിട്ട് എന്നത് കാലത്തിൻ്റെ ഒരു അനീതി ആയി മാത്രമേ കാണാൻ കഴിയു. ‘ എന്നും എപ്പോഴും’ എന്ന 2015 ലെ ചിത്രത്തിനു ശേഷം സത്യനും ലാലും വീണ്ടും ഒന്നിയ്ക്കുന്നു എന്നൊരു സന്തോഷ വാർത്ത ഇപ്പോൾ പുറത്തു വന്നിരിക്കുന്നു. സത്യൻ അന്തിക്കാടിൻ്റെ മകനും യുവ സംവിധായകനുമായ അനൂപ് സത്യനാണ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ആൻ്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ഈ ചിത്രം നിർമിക്കും. മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിൻ്റെ ഇരുപതാമത്തെ ചിത്രമാകും ഇത്. എഴുതുന്നതാരെന്നോ സഹ നടീനടന്മാർ ആരൊക്കെയാണന്നോ ഒന്നും പറഞ്ഞിട്ടില്ല. വൈകാതെ കൂടുതൽ വിവരങ്ങൾ പുറത്തു വരും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.