തൃശൂർ തേക്കിൻകാട് മൈതാനത്ത് പിറന്നാൾ പാർട്ടിയ്ക്കെതിയവരെ പൊലിസ് പിടി കൂടി. ആകെ 32 പേരാണ് പിടിയിലായത്. ഇതിൽ 16 പേർ കുട്ടികളായതിനാൽ അവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഗുണദോഷിച്ച് മടക്കി അയച്ചു. പ്രശ്നം പിറന്നാൾ ആഘോഷ പാർട്ടിയല്ല. ആഘോഷ പരിപാടിയിലെ കേക്ക് മുറിയ്ക്കലാണ്.
സ്ഥലത്തെ പ്രധാന ഗുണ്ടാനേതാവിൻ്റെ പിറന്നാൾ പാർട്ടിയുടെ ക്ഷണം സമൂഹമാധ്യമങ്ങളിലൂടെ നൽകിയത് കണ്ടാണ് കുറേപ്പേർ പാർട്ടിക്ക് എത്തിയത്. ‘ആവേശം’ മോഡൽ കേക്ക് മുറിയ്ക്കലാണ് ആഘോഷത്തിൻ്റെ ഹൈലൈറ്റന്നും അറിയിപ്പിൽ ഉണ്ടായിരുന്നു. അതു കാണാനാവും16 പ്രായപൂർത്തിയാകാത്തവരും സ്ഥലത്ത് എത്തിയത്.
പക്ഷേ, സമൂഹ മാധ്യമങ്ങളിലൂടെ നൽകിയ ‘അറിയിപ്പ് ‘ തങ്ങൾക്കു കൂടിയുള്ള ക്ഷണമായി കണ്ട് പൊലിസും നേരത്തേ സ്ഥലത്തെത്തിയിരുന്നു. അത് മുൻകൂട്ടി അറിഞ്ഞ ‘ബർത്ത് ഡേ ബോയ് ‘ മുങ്ങിക്കളഞ്ഞു. കുട്ടികളൊഴികെ ബാക്കി 16 പേർ പല ക്രിമിനൽ കേസുകളിൽ പ്രതികളായവരും പൊലിസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നവരുമായിരുന്നു. തെക്കേ ഗോപുരനടയ്ക്കടുത്താണ് ഈ കലാപരിപാടികളൊക്കെ അരങ്ങേറിയത്. ഏതായാലും 16 ആഘോഷ കമ്മിറ്റിക്കാർ ഇപ്പോൾ പൊലിസ് കസ്റ്റഡിയിലുണ്ട്.