കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഒട്ടനവധി ജനകീയ നേതാക്കളുണ്ടായിട്ടുണ്ടെങ്കിലും ‘ലീഡര്‍’ എന്ന വിളിപ്പേരിന് അക്ഷരാർത്ഥത്തിൽ അർഹനായ, രാഷ്ട്രീയ ചാണക്യൻ എന്ന പേരിലും അറിയപ്പെട്ട നേതാവായിരുന്നു കണ്ണോത്ത് കരുണാകര മാരാർ എന്ന കെ കരുണാകരൻ.
സമാനതകളില്ലാത്ത രാഷ്ട്രീയപ്പോരാളിയായിരുന്ന, ജനകീയ ഇടപെടലുകളിലൂടെയും ഭരണ മികവിലൂടെയുമാണ് കരുണാകരൻ ലീഡറായത്. കണ്ണൂരിൽ ജനിച്ചെങ്കിലും രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അദ്ദേഹം പന്തലിച്ചത് തൃശൂരിൽ എത്തിയതോടെയാണ്. തൃശ്ശൂർ നഗരസഭയിൽ അംഗമായതോടെയാണ് അധികാരത്തിലേക്കുള്ള പടയോട്ടങ്ങൾക്ക് തുടക്കമിടുന്നതും.
![](https://www.atmalayalam.in/wp-content/uploads/2024/07/KarunakaranVisit-1024x512.jpg)
![](https://www.atmalayalam.in/wp-content/uploads/2024/07/KarunakaranVisit-1024x512.jpg)
1918 ജൂലൈ 5 ന് അന്നത്തെ ബ്രിട്ടീഷ് മലബാർ സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്ന തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി അമ്മയുടെയും മകനായി കണ്ണൂരിലെ ചിറക്കലിൽ ജനിച്ചു. വടകര ലോവർ പ്രൈമറി സ്കൂളിലും പിന്നീട് അണ്ടല്ലൂരിലും ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലും അദ്ദേഹം പഠിച്ചു.
11-ാം വയസിൽ മഹാത്മാ ഗാന്ധിയെ കണ്ടതോടെയാണ് ഗാന്ധിയൻ ദർശനങ്ങളിൽ ആകൃഷ്ടനാകുന്നത്. ജാതിപ്പേര് മുറിച്ചുകളഞ്ഞ് ആദ്യ വിപ്ലവം. ചിത്രകല പഠിക്കാൻ തൃശൂരിൽ എത്തിയതോടെ, തൊഴിലാളികൾക്കൊപ്പം പ്രവർത്തിച്ചുതുടങ്ങി.
കരുണാകരൻ കോൺഗ്രസിൻ്റെ നിയമസഭാ കക്ഷി നേതാവായി. വിദ്യാർത്ഥി ആയിരിക്കുമ്പോൾ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് വിയ്യൂർ ജയിലിൽ അടക്കപ്പെട്ടു. ജയിൽവാസത്തിനു ശേഷം തൃശൂരിലെത്തിയ കരുണാകരൻ കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ മുഴുകി. 1967-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും ഒമ്പത് എം എൽ എ മാർക്ക് ഒപ്പം നിയമസഭയിലെത്തിയ കരുണാകരൻ കോൺഗ്രസിൻ്റെ നിയമസഭാ കക്ഷി നേതാവായി. കോൺഗ്രസിന്‍റെ അവസാന നാളുകളെന്ന് വിലയിരുത്തിയവർക്ക്, പാർട്ടിയെ ശക്തമായി തിരിച്ചെത്തിച്ചായിരുന്നു ലീഡർ മറുപടി നൽകിയത്. അതോടെ കേരളത്തിലെ കോൺഗ്രസിൻ്റെ തലമുറമാറ്റത്തിൻ്റെ നേതാവാകാനും രാഷ്ട്രീയ ചാണക്യൻ എന്നും ലീഡറെന്ന വിളിപ്പേര് സ്വന്തമാക്കാനും കരുണാകരന് സാധിച്ചു.
![](https://www.atmalayalam.in/wp-content/uploads/2024/07/karunakaran-1-1024x412.jpg)
![](https://www.atmalayalam.in/wp-content/uploads/2024/07/karunakaran-1-1024x412.jpg)
തുടർച്ചയായി എട്ടു തവണ മാളയിൽ നിന്ന് വിജയിച്ച് നിയമസഭാംഗമായി അദ്ദേഹം. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രി ആയതിനുള്ള (4 തവണ) ബഹുമതിയും കേരളത്തിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയെന്ന ബഹുമതിയും ഒരു നിയമസഭയുടെ കാലാവധി പൂർത്തിയാക്കിയ (1982 – 87) ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി എന്ന ബഹുമതിയും കരുണാകരന് അവകാശപ്പെട്ടതാണ്.
1969 മുതൽ 1995 വരെ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിലും 1970-ൽ പാർലമെൻ്ററി ബോർഡിലും അംഗമായിരുന്ന കരുണാകരൻ ദേശീയ തലത്തിലും ശ്രദ്ധേയനായി. കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച് 1970-ൽ ഐക്യ ജനാധിപത്യ മുന്നണി രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
![](https://www.atmalayalam.in/wp-content/uploads/2024/07/Kerala-Congress_Karunakaran-edited.webp)
![](https://www.atmalayalam.in/wp-content/uploads/2024/07/Kerala-Congress_Karunakaran-edited.webp)
നേതൃപാടവവും പ്രവർത്തന മികവും കൊണ്ട് അനിഷേധ്യനായി മാറിയ കരുണാകരൻ നാലു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, നെടുമ്പാശേരി വിമാനത്താവളം എന്നു വേണ്ട 14 ജില്ലകളിലായി നിരവധി വികസന പദ്ധതികളിൽ അദ്ദേഹത്തിൻ്റെ കയ്യൊപ്പുണ്ട്.
കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിക്കൊപ്പം കരുണാകരൻ ഉറച്ചുനിന്നു. അടിയന്തരാവസ്ഥക്കാലം ഇന്ദിരയെ പോലെ, കരുണാകരനെയും ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിയായിരുന്ന ‘കരുണാകരന്റെ പൊലീസ്’ എന്ന പ്രയോഗം പോലും അക്കാലത്തുണ്ടായിട്ടുണ്ട്. രാജൻ കേസിനെ തുടർന്ന് രാജിവെച്ച് ഒഴിയേണ്ടി വന്ന ഗതികേടും ഒരു കരിനിഴലായി കരുണാകരന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ട്. 1994 – 95 കാലഘട്ടത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഐ എസ് ആർ ഒ ചാരക്കേസിനെ തുടർന്നും കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. മൂന്നു തവണ രാജ്യസഭയിലും രണ്ടു തവണ ലോക്സഭയിലും അംഗമായിരുന്നു. പി വി നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കുന്നതിൽ, കിങ് മേക്കറായ കരുണാകരൻ, റാവു മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയുമായിരുന്നു.
![](https://www.atmalayalam.in/wp-content/uploads/2024/07/sadadada.jpg)
![](https://www.atmalayalam.in/wp-content/uploads/2024/07/sadadada.jpg)
1992 ജൂലായ് 3-ന് ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴി കരുണാകരൻ സഞ്ചരിച്ച കാർ കഴക്കൂട്ടത്ത് വെച്ച് മരത്തിൽ ഇടിച്ചു മറിഞ്ഞു. സാരമായി പരിക്കേറ്റ കരുണാകരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയി. ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്. 2005-ൽ കോൺഗ്രസ് വിട്ട് നാഷണൽ കോൺഗ്രസ് (ഇന്ദിര) എന്ന പുതിയ പാർട്ടിയ്ക്ക് രൂപം നൽകി. 2006-ൽ എൻ സി പി യിലും 2007ൽ കോൺഗ്രസിലും ഡി ഐ സി ലയിച്ചു. 2008 ജനുവരി ഒന്നിന് വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി. 2010 ഡിസംബർ 23-ന് അദ്ദേഹം അന്തരിച്ചു.
![](https://www.atmalayalam.in/wp-content/uploads/2024/07/DvFNrFvVAAAoo3_-1024x397.jpg)
![](https://www.atmalayalam.in/wp-content/uploads/2024/07/DvFNrFvVAAAoo3_-1024x397.jpg)
കേരളരാഷ്രീയത്തിലെ ഒരേയൊരു ലീഡറും ഭീഷ്മാചാര്യരും ചാണക്യനുമൊക്കെയാണ് കെ കരുണാകരൻ. ഒട്ടേറെ ഉയർച്ചകളും താഴ്ചകളും കണ്ട ആ രാഷ്ട്രീയം ഒരു പാഠപുസ്തകമാണ്. എല്ലാ പ്രതിസന്ധികളിലും ‘പതറാതെ മുന്നോട്ട് പോയ കണ്ണിറുക്കിയുള്ള ആ ചിരിയിയായിരുന്നു ലീഡറുടെ പ്രത്യേകന. ഭാര്യ കല്യാണ കുട്ടിയമ്മ. മക്കൾ – കോൺഗ്രസ് നേതാവായ മുരളീധരനും ബി ജെ പി നേതാവായ പത്മജയും.
![](https://www.atmalayalam.in/wp-content/uploads/2024/07/IMG_20240705_134151.jpg)
![](https://www.atmalayalam.in/wp-content/uploads/2024/07/IMG_20240705_134151.jpg)