തന്നെ കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് യുവാവ്. കടിയ്ക്കുക മാത്രമല്ല പാമ്പിനെ കടിച്ചു തന്നെ കൊല്ലുകയും ചെയ്തു. ബിഹാർ സംസ്ഥാനത്തെ നവാഡയിൽ താമസിക്കുന്ന സന്തോഷ് ലോഹർ ആണ് അന്ധ വിശ്വാസത്തിൻ്റെ പേരിൽ പാമ്പിനെ തിരിച്ചു കടിച്ചു കൊന്നത്.
റെയിൽവേയിലെ കരാർ പണി കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുന്നതിനിടയിലാണ് സന്തോഷിനെ പാമ്പു കടിച്ചത്. ഒട്ടും വൈകിയില്ല, സന്തോഷ് പാമ്പിനെ പിടിച്ച് തെരുതെരെ കടിച്ചു. ശരീരത്തിൽ പാമ്പിൻ വിഷം ബാധിയ്ക്കാതിരിക്കാൻ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചാൽ മതി എന്ന അന്ധവിശ്വാസത്തിലാണ് ഇയാൾ പാമ്പിനെ കടിച്ചു കൊന്നത്.
പാമ്പു കടിയേറ്റ സന്തോഷ് പാമ്പിനെ കടിച്ചു കൊന്ന ശേഷം തിരികെ നടക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഇയാളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വൈകാതെ ഇയാൾ ആരോഗ്യം വീണ്ടെടുത്ത് വീട്ടിലേക്ക് മടങ്ങുമെന്ന് ഡോക്ടർമാർ പറഞ്ഞു.