ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്തും സ്കൂൾ കായികമേള എറണാകുളത്തും നടക്കും. പുതുക്കിയ മാന്വൽ പ്രകാരമാവും കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
സംസ്ഥാന സ്കൂൾ കായിക മേളയുടെ പേര് ‘ സ്കൂൾ ഒളിമ്പിക്സ് ‘ എന്നായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വർഷം ഒക്ടോബർ 18 മുതൽ 22 വരെയാകും മേള നടക്കുക. എന്നാൽ കലോത്സവത്തിൻ്റെ തീയതി നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സ്കൂൾ ഒളിസിക്സ് നാലു കൊല്ലത്തിൽ ഒരിക്കലാവും നടത്തുക. മിനി ഒളിമ്പിക്സ് എന്ന നിലയിൽ പ്രൗഢമായി തന്നെ നടത്താനാണ് തീരുമാനം.
മികച്ച തയ്യാറെടുപ്പുകൾക്കായി മതിയായ സമയം വിദ്യാർത്ഥികൾക്കും സ്കൂൾ അധികൃതർക്കും മറ്റു ബന്ധപ്പെട്ടവർക്കും നൽകുന്നതിനു വേണ്ടിയാണ് തീയതികൾ ഏറെ നേരത്തേ തന്നെ അറിയിക്കുന്നതെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി മറ്റു പ്രധാന പരിപാടികളും തീയതികളും സ്ഥലങ്ങളും പ്രഖ്യാപിക്കുകയും ചെയ്തു.
മന്ത്രി അറിയിച്ചതു പ്രകാരം സ്പെഷ്യൽ സ്കൂൾ കലോത്സവം സെപ്റ്റംബർ മാസം 25, 26, 27 ദിവസങ്ങളിൽ കണ്ണൂരിൽ നടക്കും. സ്കൂൾ ശാസ്ത്രമേള നവംബർ മാസത്തിൽ ആലപ്പുഴയിൽ നടക്കും. 14,15,16 തീയതികളിലാണ് ശാസ്ത്രമേള. ഒക്ടോബർ മാസം 5, 6, 7, 8, 9 തീയതികളിലായി ദിശ എക്സ്പോ തൃശൂരിലും നടത്തുമെന്നും മന്ത്രി പറഞ്ഞു.