മലയാളി ആവർത്തിച്ചു കേൾക്കുന്ന നിരവധി അനശ്വര ഗാനങ്ങൾ സമ്മാനിച്ച, ചലച്ചിത്ര – ലളിത സംഗീത രംഗങ്ങളിൽ നിരവധി സംഭാവനകൾ നൽകിയ സംഗീത സംവിധായകനും കർണ്ണാടക സംഗീതജ്ഞനുമായിരുന്നു ലളിതഗാനങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന എം.ജി. രാധാകൃഷ്ണൻ.
നാഥാ നീ വരും….., ഓ മൃദുലേ…., പ്രണയ വസന്തം…., ദേവി നിൻ രൂപം….., അതിരുകാക്കും മലയൊന്നു തുടുത്തേ….., നോവുമിടനെഞ്ചിൽ…,തൂമഞ്ഞോ പരാഗം പോൽ…, നിലാവിൻ്റെ നീലഭസ്മ…., എന്തമ്മെ ചുണ്ടത്ത്…, പഴനിമല മുരുകന്….., ആരോടും ഒന്നും മിണ്ടാതെ….,കാറ്റെ നീ വീശരുതിപ്പോൾ……, ശലഭം വഴി മാറുമാ…., തിര നുരയും….., എത്ര പൂക്കാലം…., ഒരു ദലം മാത്രം…., പൂമുഖ വാതിൽക്കൽ…. , പഴം തമിഴ് പാട്ടിഴയും…., പാടുവാൻ ഓർമ്മകളിൽ…, അല്ലിമലർ കാവിൽ…., നീലക്കുയിലേ ചൊല്ലൂ…., അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ…., സൂര്യ കിരീടം വീണുടഞ്ഞു…, വന്ദേമുകുന്ദ ഹരേ…, പലവട്ടം പൂക്കാലം… തുടങ്ങി ഇന്നും മലയാളികളുടെ ഇഷ്ടഗാനങ്ങളിൽ ഇടമുള്ള നിരവധി ശ്രുതി മധുര ഗാനങ്ങളിലൂടെ മലയാള ചലച്ചിത്രസംഗീത ലോകത്ത് തന്‍റേതായ സംഗീത ധാര സൃഷ്ടിച്ചെടുത്തു അദ്ദേഹം.
ചാമരം, പൂച്ചയ്‌ക്കൊരു മൂക്കുത്തി, ഞാന്‍ ഏകനാണ്, രതിലയം, വേട്ട, ഓടരുതമ്മാവാ ആളറിയാം, അയല്‍വാസി ഒരു ദരിദ്രവാസി, രാക്കുയിലിന്‍ രാഗസദസില്‍, നൊമ്പരത്തിപൂവ്, സര്‍വകലാശാല, തനിയാവര്‍ത്തനം, അയിത്തം, വെള്ളാനകളുടെ നാട്, അഭയം, അദ്വൈതം, മിഥുനം, ദേവാസുരം, മണിച്ചിത്രത്താഴ്, കിന്നരിപ്പുഴയോരം, തക്ഷശില, കുലം, രക്തസാക്ഷികള്‍ സിന്ദാബാദ്, ഋഷിവംശം, സാഫല്യം, കണ്ണെഴുതി പൊട്ടുംതൊട്ട്, പൂത്തിരുവാതിര രാവില്‍, മേഘസന്ദേശം, അനന്തഭദ്രം, പകല്‍ തുടങ്ങി ഒട്ടേറെ സിനിമകളിലെ പാട്ടുകള്‍ ശ്രദ്ധേയങ്ങളായി.
1940 ജൂലൈ 29ന് പ്രശസ്ത ഹാർമോണിസ്റ്റും ശാസ്ത്രീയ സംഗീതജ്ഞനുമായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഗായികയും സംഗീതാധ്യാപികയുമായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി ജനനം. ദക്ഷിണേന്ത്യയില്‍ ഏറ്റവും പ്രശസ്തനായ ഹാര്‍മോണിസ്റ്റും ശാസ്ത്രീയസംഗീതജ്ഞനുമായിരുന്നു മലബാര്‍ ഗോപാലന്‍ നായർ. തമിഴ്‌നാട്ടുകാര്‍ക്ക് അക്കാലത്ത് മലയാളിയെന്നാല്‍ മലബാറുകാരനായിരുന്നു. അങ്ങനെയാണ് മേടയില്‍ ഗോപാലന്‍ നായര്‍ മലബാര്‍ ഗോപാലന്‍ നായരായത്.
മലബാർ ഗോപാലൻ നായരുടെ മൂന്നു മക്കളില്‍ മൂത്തയാളാണ് എം ജി രാധാകൃഷ്ണന്‍. കര്‍ണാടക സംഗീതജ്ഞ പ്രൊഫ. കെ ഓമനക്കുട്ടി സഹോദരിയും ചലച്ചിത്ര പിന്നണിഗായകന്‍ എം ജി ശ്രീകുമാര്‍ സഹോദരനുമാണ്.
തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കി 1962 ൽ ആകാശവാണിയിൽ ജോലിയിൽ പ്രവേശിച്ചു. ആകാശവാണിക്കുവേണ്ടി അനവധി ലളിതഗാനങ്ങൾ ചിട്ടപ്പെടുത്തി. ആകാശവാണിയില്‍ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പുതന്നെ ‘കള്ളിച്ചെല്ലമ്മ’ യിലെ
ഉണ്ണിഗണപതിയെ വന്നു വരം തരണം…. എന്ന ഗാനം പാടി സിനിമ പിന്നണി ഗായകനായി. പ്രഗത്ഭ സംവിധായകൻ ജി അരവിന്ദന്റെ തമ്പിലൂടെയാണ് സിനിമാ സംഗീതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. സംഗീത സംവിധാനത്തില്‍ രാധാകൃഷ്ണന്റെ തുടക്കം പിഴച്ചില്ല. തുടങ്ങിയ വര്‍ഷം 1978ല്‍ തന്നെ നാല് ചിത്രങ്ങളില്‍ ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നടത്തി. തമ്പ്, രണ്ടുജന്മം, ആരവം, പെരുവഴിയമ്പലം.
1979 ല്‍ കുമ്മാട്ടിക്കും തകരയ്ക്കും സംഗീതംനല്‍കി. തുടര്‍ന്ന് നൂറോളം ചിത്രങ്ങളിലെ നിരവധി ഗാനങ്ങൾ. കേരള സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം രണ്ടു തവണ ലഭിച്ചു. 70-ാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെ 2010 ജൂലൈ 2 ന് അദ്ദേഹം ഈ ലോകത്തോടു വിട പറഞ്ഞു.