മലപ്പുറത്തെ മഞ്ഞപിത്തം, വില്ലനായത് വെൽക്കം ഡ്രിങ്ക്

At Malayalam
1 Min Read

മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ മഞ്ഞപിത്തം പടർന്നു പിടിക്കുന്നത് ആരോഗ്യ വകുപ്പിനും മറ്റു ബന്ധപ്പെട്ടവർക്കും തലവേദനയാവുകയാണ്. ഇതിനോടകം ആറായിരത്തിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിൻ്റെ വീടു വീടാന്തരം കയറിയുള്ള ബോധവത്ക്കരണവും ജാഗ്രതാ നിർദേശങ്ങളുമൊക്കെ തുടരുകയാണ്. ഒരു വിവാഹ ചടങ്ങിനെത്തി അവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് അസുഖം വന്നത്. വിവാഹ സത്കാരത്തിൽ വിതരണം ചെയ്ത വെൽക്കം ഡ്രിങ്കാണ് വില്ലനായതെന്നാണ് പ്രദേശികമായി ലഭിയ്ക്കുന്ന വിവരം.

വള്ളിക്കുന്ന് മേഖലയിൽ മാത്രം 250 ഓളം പേർക്ക് മഞ്ഞപിത്ത രോഗബാധ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 13 ന് ആണ് ഒരു ഓഡിറ്റോറിയത്തിൽ വച്ച് വിവാഹം നടന്നത്. ഇവിടെ വിതരണം ചെയ്ത വെൽകം ട്രിങ്ക് ശുദ്ധമായ വെള്ളം കൊണ്ട് തയ്യാറാക്കിയതായിരുന്നില്ല എന്നാണ് അറിയുന്നതെന്നും മുന്നിയൂർ പഞ്ചായത്തിൽ റിപ്പോർട്ടു ചെയ്ത മഞ്ഞപിത്ത രോഗബാധയുമായി ബന്ധപ്പെട്ട കേസുകൾ എല്ലാം തന്നെ ഈ ചടങ്ങിൽ പങ്കെടുത്തവർക്കാണന്നും വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡൻ്റായ ശൈലജ പറയുന്നു.

കഴിഞ്ഞ ദിവസം സ്കൂൾ വിദ്യാർത്ഥിനിയായ ഒരു 15 കാരിയും മഞ്ഞപിത്തത്തിന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചു പോയിരുന്നു. വള്ളിക്കുന്ന് മേഖല കൂടാതെ അത്താണിക്കൽ, ചേലേമ്പ്ര , മൂന്നിയൂർ എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകുന്നുണ്ട്.

Share This Article
Leave a comment