2024 ലെ 20-20 ലോക കപ്പും കൗതുകമുള്ള റെക്കോർഡുകളും അറിയാം

At Malayalam
3 Min Read

20 – 20 ലോകകപ്പിൻ്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കി കപ്പിൽ മുത്തമിട്ട ഇന്ത്യയ്ക്ക് നാടിൻ്റെ നാനാഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ്. ബി സി സി ഐ വക പാരിതോഷികം ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി റെക്കോർഡുകളും ഇന്ത്യൻ താരങ്ങളുടെ പേരിൽ കുറിയ്ക്കാൻ 2024 ലെ 20- 20 ലോകകപ്പ് വഴിവച്ചു.

ഇന്ത്യയുടെ റെക്കോർഡുകൾ

ഏകദിനം, 20- 20 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ഇപ്പോഴത്തെ ഈ നേട്ടത്തോടെ രണ്ടു വീതം ലോക കപ്പുകൾ നേടാനായി. 1983 ലും 2011 ലും ഏകദിന ക്രിക്കറ്റിലെ ലോക ചാമ്പ്യൻമാർ ഇന്ത്യയായിരുന്നു. 2007 ലും 2024 ലും 20 ഓവർ അതിവേഗ ക്രിക്കറ്റിലും രണ്ടു ലോക കിരീടങ്ങൾ ഇന്ത്യയിലെത്തി. മാത്രമല്ല രണ്ട് 20 – 20 കിരീടങ്ങൾ നേടുന്ന മൂന്നാമത്തെ ടീമാണ് നിലവിൽ ഇന്ത്യ.

2024 ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കുറിച്ച 176 റൺസ് 20-20 ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ സ്കോർ ആണ്. 2021 ൽ ന്യൂസിലാൻ്റ് ഓസ്ട്രേലിയക്കെതിരെ കുറിച്ച 172 റൺസാണ് ഇതോടെ പഴങ്കഥയായത്. പക്ഷേ 173 റൺസടിച്ച് ഓസ്ട്രേലിയ അന്ന് വിജയ കിരീടം ചൂടുകയായിരുന്നു.

- Advertisement -

മറ്റൊരു വലിയ നേട്ടം, കളിച്ച ഒരു മത്സരത്തിലും തോൽക്കാതെയാണ് ഇത്തവണ ഇന്ത്യ ഫൈനലിൽ എത്തിയത് എന്നുള്ളതാണ്. മുമ്പ് ശ്രീലങ്ക, ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണ ആഫ്രിക്ക ടീമുകൾ ഇത്തരത്തിൽ ഫൈനലിൽ എത്തിയിരുന്നു. അന്നൊക്കെ ഇന്ത്യയടക്കം എല്ലാവരും ഫൈനലിൽ തോറ്റു പോവുകയായിരുന്നു. പക്ഷേ ഇത്തവണ ഇന്ത്യ അത് തിരുത്തി. അങ്ങനെ ആ റെക്കോർഡും ഇന്ത്യയുടെ പേരിലായി.

കോഹ്‌ലിക്ക് റെക്കോർഡുകൾ പുതുമയല്ല, എങ്കിലും

സൂപ്പർ താരം, ഈ വിജയത്തിൻ്റെ നട്ടെല്ലായ വിരാടിന് അപൂർവമായ റെക്കോർഡു നൽകുന്നു 2024 ലെ 20- 20 ഫൈനൽ.

2008 ലെ അണ്ടർ 19 ലോകകപ്പ്, 2011 ലെ ഏകദിന ലോകകപ്പ്, 2013 ലെ ചാമ്പ്യൻസ് ട്രോഫി, ഇപ്പോൾ 2024 ലെ 20- 20 ലോകകപ്പ് എന്നിവയിലെല്ലാം പങ്കാളിയായ ഒരേ ഒരു കളിക്കാരൻ എന്ന അപൂർവ റെക്കോർഡ് വിരാടിൻ്റെ പേരിലായി. ഫൈനൽ കളിയിൽ കൂടി വിരാട് മാൻ ഓഫ് ദി മാച് ആയതോടെ അന്താരാഷ്ട്ര 20- 20 യിൽ പതിനാറാമത്തെ മാൻ ഓഫ് ദി മാച് പുരസ്കാരം ആണ് അദ്ദേഹത്തിനു ലഭിച്ചത്. മറ്റൊരു ഇന്ത്യൻ താരമായ സൂര്യകുമാർ യാദവിൻ്റെ റെക്കോർഡാണ് വിരടിനു മുന്നിൽ വഴി മാറിയത്.

രോഹിത് ശർമയുടെ വഴിയിൽ പിന്നെയും റെക്കോർഡ്

ലോകത്ത് ഇതുവരെ നടന്ന 20- 20 ലോകകപ്പുകൾ എല്ലാം കളിച്ച രണ്ടു താരങ്ങളേ ഉള്ളു. അതിലൊരാൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ തന്നെ. മറ്റേയാൾ ബംഗ്ലാദേശിൻ്റെ താരം ഷാകിബ് അൽ ഹസൻ ആണ്. മാത്രമല്ല 20- 20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു ടീമിന് 50 വിജയങ്ങൾ നേടിക്കൊടുത്ത ഒരേയൊരു ക്യാപ്റ്റനേ ലോകത്തുള്ളു. അത് രോഹിത് ശർമയാണ്.

റെക്കോർഡുകൾ എറിഞ്ഞിട്ടു ബുംറ

2024 ലെ 20- 20 ടൂർണമെൻ്റിലെ താരം ഇന്ത്യൻ സ്പെഷലിസ്റ്റ് പേസറായ ജസ്പ്രീത് ബുംറയാണ്. ആദ്യമാണ് ഇത്തരത്തിൽ ഒരു പേസർ ടൂർണമെൻ്റിൻ്റെ താരമാകുന്നത്. 4.17എന്ന കുറഞ്ഞ ഇക്കണോമി റേറ്റ് എന്ന റെക്കോർഡ് നേട്ടം ഇപ്പോൾ ബുംറയുടെ പേരിലാണ്.

റെക്കോർഡ് പങ്കിട്ടെടുത്ത് അർഷദീപ് സിംഗ്

ഇന്ത്യൻ താരം അർഷദീപ് സിംഗ് ഒരു അപൂർവ റെക്കോർഡിൽ പങ്കാളിയായതും ഈ ലോകകപ്പിൻ്റെ സവിശേഷതയായി. ഒരു 20- 20 ലോക കപ്പിൻ്റെ സിംഗിൾ എഡിഷനിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളറായി സിംഗ് മാറി. 17 വിക്കറ്റുകളാണ് അദ്ദേഹത്തിൻ്റെ നേട്ടം. അഫ്ഗാനിസ്ഥാൻ ബൗളറായ ഫസൽ ഹഖ് ഫറൂഖിയും 17 വിക്കറ്റുകൾ സ്വന്തമാക്കിയതോടെ റെക്കോർഡ് പങ്കിടേണ്ടി വന്നു ഇന്ത്യയുടെ ഭാവി വാഗ്ദാനമായ ഈ കളിക്കാരന്.

Share This Article
Leave a comment