പഞ്ചായത്തംഗം റോഡിൽ മിലിന്യം കൊണ്ടിട്ടത്തിൽ പ്രതികരണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. സമൂഹത്തിനു മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്നും ആ വ്യക്തിയിൽ നിന്നും ആയിരം രൂപ പിഴ ഈടാക്കിയതായും മന്ത്രി തൻ്റെ ഫെയ്സ്ബുക് പേജിൽ കുറിച്ചു. മൂവാറ്റുപുഴ മഞ്ഞള്ളൂർ പഞ്ചായത്തംഗമായ സുധാകരനാണ് പിഴയൊടുക്കിയത്. സി പി എം അംഗമാണ് സുധാകരൻ. സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് കവറിൽ കരുതിയിരുന്ന മാലിന്യം റോഡുവക്കിൽ ഇട്ടത്.
മന്ത്രി എം ബി രാജേഷിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ
പഞ്ചായത്ത് മെമ്പർ ബൈക്കിലെത്തി മാലിന്യം തള്ളുന്ന ഒരു വീഡിയോ നിങ്ങളിൽ പലരുടേയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. എറണാകുളം ജില്ലയിലെ മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ സുധാകരനാണ് സ്കൂട്ടറിൽ പോകുമ്പോൾ മാലിന്യം റോഡിൽ വലിച്ചെറിഞ്ഞത്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് ഇദ്ദേഹത്തിന് ആയിരം രൂപ പിഴ ചുമത്തുകയും പിഴ തുക ഈടാക്കുകയും ചെയ്തിട്ടുണ്ട്.
ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ വക്താക്കളായി മാറേണ്ടവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ. മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനാൽ തന്നെയാണ് മാതൃകാപരമായ നടപടി സ്വീകരിച്ചത്. മാലിന്യം വലിച്ചെറിയുന്നവർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവും.
മാലിന്യമുക്തമായ നവകേരളം ഒരുക്കാനുള്ള ഈ പ്രവർത്തനങ്ങളിൽ നമുക്ക് യോജിച്ചു മുന്നേറാം.