50 ഉത്പന്നങ്ങള്‍ക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നല്‍കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ) സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി 50 /50 (ഫിഫ്റ്റി ഫിഫ്റ്റി) പദ്ധതിയിലൂടെ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ 50 ജനപ്രിയ ഉത്പന്നങ്ങള്‍ക്ക് വരുന്ന 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ഓഫറും നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
സപ്‌ളൈകോ ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതല്‍ മൂന്നു വരെ പൊതുജനങ്ങള്‍ക്കു പ്രത്യേക വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാനാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സബ്സിഡി ഇല്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ ബില്‍ തുകയില്‍ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവ് ഈ പദ്ധതി പ്രകാരം നല്‍കും.
സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളിലും സപ്ലൈകോയുടെ സിഗ്‌നേച്ചര്‍ മാര്‍ട്ടുകള്‍ തുറക്കും. ഓരോ സൂപ്പര്‍ മാര്‍ക്കറ്റ് വീതം ആധുനിക നിലവാരത്തില്‍ നവീകരിച്ചാകും സിഗ്‌നേച്ചര്‍ മാര്‍ട്ടുകളാക്കുക. സപ്ലൈകോയുടെ ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പ്പാകും ഇത്.
വിപണിയുടെ ഘടന വലിയ മാറ്റങ്ങള്‍ക്കു വിധേയമാകുന്ന കാലമാണിത്. ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സപ്ലൈകോയെ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കഴിയണം. അതിനു വലിയ ചര്‍ച്ചകളും അഭിപ്രായ സ്വാംശീകരണവുമുണ്ടാകണം. ഈ ലക്ഷ്യത്തോടെ വിവിധ വിഷയങ്ങളില്‍ സപ്ലൈകോയുടെ നേതൃത്വത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. ഒരു ജില്ലയില്‍ ഒന്ന് എന്ന കണക്കില്‍ ഒരു വര്‍ഷംകൊണ്ട് ഇതു പൂര്‍ത്തിയാക്കും. സെമിനാറുകളില്‍ ലഭിക്കുന്ന ക്രിയാത്മക നിര്‍ദേശങ്ങള്‍ സപ്ലൈകോയുടെ ഭാവി പ്രവര്‍ത്തനത്തിനു മുതല്‍ക്കൂട്ടാകും.
കഴിഞ്ഞ അര നൂറ്റാണ്ടുകൊണ്ട് കേരളീയരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറാന്‍ സപ്ലൈകോയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഭക്ഷ്യസാധനങ്ങള്‍ ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്നത് എവിടെ എന്ന ചോദ്യത്തിന് സപ്ലൈകോ എന്ന ഒറ്റ ഉത്തരമേയുള്ളൂ. സപ്ലൈകോയുടെ ശബരി ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ കേരളത്തിനു പ്രിയപ്പെട്ടതായി മാറിയതു സപ്ലൈകോയുടെ വിശ്വാസ്യതയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കുന്ന കോര്‍പ്പറേറ്റ് വിഡിയോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 11 കര്‍മ പദ്ധതികള്‍ക്കു സപ്ലൈകോ രൂപം നല്‍കിയിട്ടുണ്ടെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ജില്ലാ കേന്ദ്രങ്ങളില്‍ പുതുതായി ആരംഭിക്കുന്ന സിഗ്‌നേച്ചര്‍ മാര്‍ട്ടുകള്‍ക്കു പുറമേ 50 പുതിയതും നവീകരിച്ചതുമായ ഔട്ട്ലെറ്റുകള്‍ തുറക്കും. വിവിധ പദ്ധതികള്‍ നടപ്പാക്കി സപ്ലൈകോയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വര്‍ഷമായി വരുന്ന ഒരു വര്‍ഷത്തെ മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. 50/50 പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍, എം എല്‍ എമാരായ കടകംപള്ളി സുരേന്ദ്രന്‍, ആന്റണി രാജു എന്നിവർ ഹാപ്പി അവേഴ്സ്, സിഗ്നേച്ചർ മാർട്ട്, ഫുഡ് ഫോർ തോട്ട് സെമിനാർ പരമ്പര എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, കൗണ്‍സിലര്‍ പാളയം രാജന്‍, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ ഡോ. ഡി സജിത് ബാബു തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, തിരുവനന്തപുരം മേഖലാ മാനേജർ ജ്യോതി ലക്ഷ്മി എന്നിവരും പങ്കെടുത്തു.
50 /50 പദ്ധതി
ജൂണ്‍ 25 മുതല്‍ 50 ദിവസത്തേക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ആയ ശബരി ഉല്‍പ്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉള്‍പ്പെടെ 50 ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നല്‍കുന്നതാണ് 50/ 50 പദ്ധതി. 300 രൂപ വിലയുള്ള ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് ടീ ഒരു കിലോ 270 രൂപയ്ക്ക് നല്‍കുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നല്‍കും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോള്‍ഡ് ടീ 64 രൂപയ്ക്ക് നല്‍കും. 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 20% വിലകുറച്ച് 48 രൂപയ്ക്കും, 79 രൂപ വിലയുള്ള ഒരു കിലോഗ്രാം ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63. 20 രൂപയ്ക്കും 50 ദിവസത്തേക്ക് നല്‍കും. ശബരി മുളകുപൊടി , മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല, സാമ്പാര്‍ പൊടി, കടുക് എന്നിവയ്ക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്. 500 ഗ്രാം റിപ്പിള്‍ പ്രീമിയം ഡസ്റ്റ് ടിയോടൊപ്പം 500 ഗ്രാം പഞ്ചസാര നല്‍കും. ഉജാല, ഹെന്‍കോ, സണ്‍ പ്ലസ് തുടങ്ങി വിവിധയിനം ബ്രാന്‍ഡുകളുടെ വാഷിംഗ് പൗഡറുകള്‍, ഡിറ്റര്‍ജെന്റുകള്‍ എന്നിവയ്ക്ക് വലിയ വിലക്കുറവുണ്ട്. നമ്പീശന്‍സ് ബ്രാന്‍ഡിന്റെ നെയ്യ് തേന്‍, എള്ളെണ്ണ, ചന്ദ്രിക, സന്തൂര്‍ ബ്രാന്‍ഡുകളുടെ സോപ്പ്, നിറപറ, ബ്രാഹ്‌മിന്‍സ് ബ്രാന്റുകളുടെ മസാല പൊടികള്‍, ബ്രാഹ്‌മിന്‍സ് ബ്രാന്‍ഡിന്റെ അപ്പം പൊടി, റവ, പാലട മിക്‌സ്, കെലോഗ്‌സ് ഓട്‌സ്, ഐടിസി ആശിര്‍വാദ് ആട്ട, ഐടിസിയുടെ തന്നെ സണ്‍ ഫീസ്റ്റ് ന്യൂഡില്‍സ്, മോംസ് മാജിക്, സണ്‍ ഫീസ്റ്റ് ബിസ്‌ക്കറ്റുകള്‍, ഡാബറിന്റെ തേന്‍ ഉള്‍പ്പെടെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍, ബ്രിട്ടാനിയ ബ്രാന്‍ഡിന്റെ ഡയറി വൈറ്റ്‌നര്‍, കോള്‍ഗേറ്റ് തുടങ്ങി 50ലേറെ ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കുറവും ഓഫറും നല്‍കുന്നത്.
ഹാപ്പി ഹ്‌വേഴ്‌സ് ഫ്‌ളാഷ് സെയില്‍
50 ദിവസത്തേക്ക് ഹാപ്പി അവേഴ്‌സ് ഫ്‌ളാഷ് സെയില്‍ പദ്ധതി പ്രകാരം ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നുമണിവരെ ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയില്‍ നിന്നും 10% കുറവ് നല്‍കുന്ന പദ്ധതിയാണിത്. നിലവിലുള്ള വിലക്കുറവിന് പുറമേയാണ് ഹാപ്പി അവേഴ്‌സിലെ 10% വിലക്കുറവ്. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ എന്നിവയില്‍ ജൂണ്‍ 25 മുതല്‍ 50 ദിവസത്തേക്ക് ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു മണി വരെ ആയിരിക്കും ഈ വിലക്കുറവ്.
ഫുഡ് ഫോര്‍ തോട്ട്’ സെമിനാര്‍ പരമ്പര
ഓരോ ജില്ലയിലും ഓരോന്ന് വീതം വിവിധ വിഷയങ്ങളില്‍ 12 ജില്ലകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടത്തുന്ന സെമിനാര്‍ പരമ്പരയാണ് ഫുഡ് ഫോര്‍ തോട്ട്. കൊല്ലം ജില്ലയില്‍ ക്ഷീരം- മാംസം-മൂട്ട ഉത്പന്നങ്ങളെക്കുറിച്ചും, പത്തനംതിട്ട ജില്ലയില്‍ റീട്ടെയില്‍ മേഖലയിലെ ബാങ്കിംഗിനെക്കുറിച്ചുമാണ് സെമിനാര്‍. ഇടുക്കിയില്‍ തേയില, കോട്ടയത്ത് പെട്രോളിയം, ആലപ്പുഴയില്‍ നെല്ല് സംഭരണം, തൃശ്ശൂരില്‍ സപ്ലൈ ചെയിനും ലോജിസ്റ്റിക്‌സും, പാലക്കാട് എം എസ് എം ഇ, മലപ്പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവും പോഷകാഹാരവും, കോഴിക്കോട് ഭക്ഷ്യ ഉപഭോഗത്തില്‍ വരുന്ന മാറ്റങ്ങള്‍, വയനാട് സുഗന്ധദ്രവ്യങ്ങള്‍ , കണ്ണൂരില്‍ റിട്ടെയില്‍ മേഖലയിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കാസര്‍ഗോഡ് ഫാര്‍മ സ്യൂട്ടിക്കല്‍ മേഖലയെക്കുറിച്ചും ആണ് സെമിനാറുകള്‍ നടത്തുക. ഒരു വര്‍ഷം നീണ്ട പരിപാടികള്‍ക്കു ശേഷം സമാപന ചടങ്ങ് എറണാകുളത്ത് നടക്കും.
സിഗ്‌നേച്ചര്‍ മാര്‍ട്ട്
സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും സപ്ലൈകോയുടെ പുതിയ സിഗ്‌നേച്ചര്‍ മാര്‍ട്ടുകള്‍ തുറക്കും. നിലവിലുള്ള ഒരു ഔട്ട്ലെറ്റ് അത്യാധുനിക നിലവാരത്തില്‍ നവീകരിച്ചാകും സിഗ്‌നേച്ചര്‍ മാര്‍ട്ടുകളാക്കുക. ക്ഷീര ഉത്പന്നങ്ങളും ശീതീകരിച്ച ഉത്പന്നങ്ങളും ഈ ആധുനിക വില്പനശാലകളില്‍ ലഭ്യമാക്കും.
മറ്റു പദ്ധതികള്‍
സപ്ലൈകോയുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കാനുള്ള ഫയല്‍ അദാലത്ത്, 2022-23 വരെയുള്ള ഓഡിറ്റ്/ അക്കൗണ്ട് ഫൈനലൈസേഷന്‍ എന്നിവ ഈ വര്‍ഷം നടപ്പാക്കും. 2023 ആരംഭിച്ച ഈ ആര്‍ പി (ERP) പരിഷ്‌കാരം ഈ വര്‍ഷം പൂര്‍ത്തീകരിക്കും. സപ്ലൈകോ റേഷന്‍ വിതരണത്തിനായി ഉപയോഗിക്കുന്ന ഗോഡൗണുകളില്‍ 60% വും ആധുനിക രീതിയിലുള്ള സയന്റിഫിക് ഗോഡൗണുകള്‍ ആക്കി മാറ്റുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്. ശബരി ബ്രാന്‍ഡില്‍ അമ്പതാം വാര്‍ഷികം പ്രമാണിച്ച് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിന്റെ ഭാഗമായി ഗുണനിലവാരമുള്ള സണ്‍ഫ്‌ലവര്‍ ഓയില്‍, പാമോലിന്‍ ഓയില്‍, ഉപ്പ്, പഞ്ചസാര, ക്ലീനിങ് ഉത്പന്നങ്ങള്‍ എന്നിവ ന്യായവിലയ്ക്ക് വിപണിയില്‍ എത്തിക്കും.
രജിസ്റ്റര്‍ ചെയ്ത നെല്‍ കര്‍ഷകരില്‍ നിന്നും ബയോമെട്രിക് വിവരങ്ങള്‍ കൂടി ശേഖരിച്ച് ആധാര്‍ ലിങ്ക്ഡ് ബയോമെട്രിക് നെല്ല് സംഭരണം ഈ വര്‍ഷം നടപ്പാക്കും. സബ്‌സിഡി സാധനങ്ങളുടെ സപ്ലൈകോ വില്പനശാലകളിലൂടെയുള്ള വിതരണം കുറ്റമറ്റതാക്കുന്നതിന് വേണ്ടി ഉപഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച് റേഷന്‍ വിതരണത്തിന് അവലംബിച്ച ഇ- പോസ് സംവിധാനം നടപ്പാക്കും. ഇതുമൂലം സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ യഥാര്‍ത്ഥ ഉപഭോക്താവിന് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ കഴിയും.
ആലപ്പുഴ ജില്ലാ കോടതിവളപ്പില്‍ സപ്ലൈകോയുടെ കൈവശമുള്ള ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ സൂപ്പര്‍മാര്‍ക്കറ്റ് നിര്‍മ്മാണം, 50 വര്‍ഷത്തെ സപ്ലൈകോയുടെ ചരിത്രം സൂചിപ്പിക്കുന്ന സുവനീര്‍ പുറത്തിറക്കല്‍ എന്നിവയും ഒരു വര്‍ഷം നീളുന്ന പരിപാടികളില്‍ ഉള്‍പ്പെടുന്നു. , മാനന്തവാടി, കൊല്ലം, വാഗമണ്‍ എന്നിവിടങ്ങളില്‍ പുതിയ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നതിനും, തിരുവനന്തപുരം ആല്‍ത്തറ പെട്രോള്‍ പമ്പ് നവീകരണത്തിനും ഈ വര്‍ഷം തുടക്കം കുറിക്കും. ആല്‍ത്തറ പെട്രോള്‍ പമ്പിനോട് അനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അവശ്യ നിത്യോപയോഗ വസ്തുക്കള്‍ ലഭിക്കുന്ന സപ്ലൈകോ എക്‌സ്പ്രസ്മാര്‍ട്ട് ആരംഭിക്കാനും ഉദ്ദേശിക്കുന്നു. വെള്ളയമ്പലം, തിരുവനന്തപുരം സ്റ്റാച്യു, എറണാകുളം എംജി റോഡ് എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകള്‍ നവീകരിക്കും.
സപ്ലൈകോ നിലവില്‍ നടത്തിവരുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് പുറമേ, വിവിധ ജില്ലകളിലായി പത്തോളം മെഡിക്കല്‍ സ്റ്റോറുകള്‍ സപ്ലൈകോ മെഡി മാര്‍ട്ട് എന്ന പേരില്‍ ആരംഭിക്കും. പൂര്‍ണമായും ശീതീകരിച്ച സൂപ്പര്‍മാര്‍ക്കറ്റ് രീതിയിലുള്ള ഈ സ്റ്റോറുകളില്‍ മരുന്നുകള്‍ക്ക് പുറമെ സര്‍ജിക്കല്‍ മെഡിക്കല്‍ എക്യുമെന്റ്, പ്രമുഖ ബ്രാന്‍ഡുകളുടെ ഹെല്‍ത്ത് കെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ലഭിക്കും. ആയിരം രൂപയില്‍ കൂടുതല്‍ വിലയുള്ള മരുന്നുകളുടെ ഓര്‍ഡര്‍ ഉപഭോക്താക്കളുടെ വീടുകളില്‍ നേരിട്ടെത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കാനും പദ്ധതിയുണ്ട്.