റെയിൽവേ സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്ന കേബിൾ ആരോ മുറിച്ചു മാറ്റിയതിനാൽ കോഴിക്കോട് – വടകര മേഖലയിലെ തീവണ്ടി ഗതാഗതം ആകെ അവതാളത്തിലായതായി റിപ്പോർട്ട്. വടകര – മാഹി പാതയിൽ പൂവാടൻ ഗേറ്റിനു സമീപത്തുള്ള കേബിളുകളാണ് മുറിച്ചു മാറ്റപ്പെട്ട നിലയിൽ കാണപ്പെട്ടത്. പത്തോളം ട്രെയിനുകൾ ഇതോടെ പലയിടങ്ങളിലായി നിർത്തി ഇടേണ്ടി വന്നു.
വടകരക്കും മാഹിക്കുമിടയിൽ പെട്ടന്ന് സിഗ്നൽ സംവിധാനം തകരാറിലാവുകയായിരുന്നു. പിന്നാലെ നടത്തിയ വിശദ പരിശോധനയിലാണ് ആരോ കേബിൾ മുറിച്ചു മാറ്റിയത് ശ്രദ്ധയിൽപ്പെട്ടത്. ഭൂമിക്കടിയിലൂടെ കൊണ്ടു പോകേണ്ടുന്ന കേബിൾ അടിപ്പാത നിർമാണം നടക്കുന്നതിനാൽ പുറത്താണ് ഇട്ടിരുന്നത്. സംശയം തോന്നിയ രണ്ട് അയൽ സംസ്ഥാന തൊഴിലാളികളെ റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ചോദ്യം ചെയ്തു വരുന്നു.
മുറിച്ചു മാറ്റിയ കേബിളുകൾ പുന: സ്ഥാപിക്കാൻ ഏകദേശം നാലു മണിക്കൂറോളം സമയമെടുത്തു. ഈ സമയം മുഴുവൻ തീവണ്ടികൾ പലയിടങ്ങളിലായി നിർത്തി ഇട്ടിരുന്നു. വടകര സ്റ്റേഷൻ ഓഫിസിൽ നിന്നാണ് തുടർ പ്രവർത്തനങ്ങൾക്കു വേണ്ടുന്ന സഹായങ്ങൾ എത്തിച്ചത്.