തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. വിവിധ ആശുപത്രികളിലായി സ്ത്രീകളടക്കം നിരവധി പേർ ചികിത്സയിലാണ്. കള്ളക്കുറിച്ചിയിലെ കരുണപുരത്താണ് മദ്യദുരന്തമുണ്ടായത്. പ്രദേശത്ത് വ്യാജമദ്യം വിറ്റഗോവിന്ദരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് 200 ലിറ്റർ വ്യാജമദ്യം കണ്ടെടുത്തു. മദ്യത്തിൽ മെഥനോളിന്‍റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു.
ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കലക്ടർ ശ്രാവൺ കുമാർ ജെതാവത്തിനെ സ്ഥലം മാറ്റിയിരുന്നു. ജില്ലാ പൊലീസ് മേധാവി സമയ് സിങ് മീണയെ സസ്പെൻഡ് ചെയ്യാനും തീരുമാനമായി. ദുരന്തത്തിൽ സിബിസിഐഡി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ റിട്ടയേർഡ് ജഡ്ജി ബി. ഗോകുൽദാസിന്‍റെ നേതൃത്വത്തിലുള്ള ഏകാംഗ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം സഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും അടിയന്തരമായി നൽകും.
.