വിവാഹത്തിനു പോയി ഭക്ഷണം കഴിച്ച ഇരുനൂറോളം പേർക്ക് ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. വരനും വധുവും ഉൾപ്പെടെ ഭക്ഷ്യ വിഷ ബാധയേറ്റ് ആശുപത്രിയിലായി. പാലക്കാട് ജില്ലയിലെ ഷൊർണൂരിലാണ് സംഭവം. ഛർദി, പനി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പലരും ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. വിശദമായ അന്വേഷണത്തിലാണ് വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചതിൽ നിന്നാണ് ഭക്ഷ്യ വിഷ ബാധയേറ്റതെന്ന് മനസിലായത്.
ഷൊർണൂർ, പാലക്കാട്, തൃശൂർ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വിവാഹ ചടങ്ങിനെത്തിയവർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ഷൊർണൂരിൽ തന്നെ പ്രവർത്തിക്കുന്ന ഒരു കാറ്ററിംഗ് കമ്പനിയാണത്രേ ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തത്. പിന്നാലെ ആരോഗ്യ വിഭാഗമെത്തി കാറ്ററിംഗ് യൂണിറ്റിൻ്റെ പാചകപ്പുര പരിശോധിച്ചു. വൃത്തി ഹീനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം പൂട്ടിക്കുകയും പിഴയിടുകയും ചെയ്തു.