ഹേ പാറ്റ പ്രഭു, എ ക്യാ ഹുവാ

At Malayalam
1 Min Read

വന്ദേ ഭാരതിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ വീണ്ടും ചത്ത പാറ്റയെന്നു പരാതി. കഴിഞ്ഞ ദിവസം ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കു പോയ വന്ദേ ഭാരതിൽ യാത്ര ചെയ്ത ദമ്പതികൾക്കു നൽകിയ ഭക്ഷണത്തിലാണ് ചത്ത പാറ്റയെ കണ്ടത്. യാത്രക്കാരായ ദമ്പതിമാരുടെ ബന്ധു സാമൂഹ്യ മാധ്യമത്തിലൂടെയാണ് വിവരം പുറത്തെത്തിച്ചത്. ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിക്കുന്നതിനെതിരെ കർശന നടപടി ഉണ്ടാകണം എന്നാണ് ബന്ധുവായ യുവാവ് ആവശ്യപ്പെടുന്നത്.

പതിവു പോലെ അഴകൊഴമ്പൻ മറുപടിയുമായി ഐ ആർ സി ടി സിയും പിന്നാലെ എത്തി. ‘സർ, താങ്കൾക്കുണ്ടായ ബുദ്ധി മുട്ടിൽ ഞങ്ങൾ ഖേദിക്കുന്നു. ക്ഷമിക്കണം. വിഷയം അർഹിക്കുന്ന ഗൗരവത്തിൽ എടുക്കുന്നു. സേവന ദാതാവിന് മുന്നറിയിപ്പും പിഴയും നൽകിയിട്ടുണ്ട്. ഇനി ഇത്തരം കാര്യങ്ങളിൽ കർശന ശ്രദ്ധ പുലർത്താം’. കഴിഞ്ഞു. കഴിഞ്ഞ മൂന്നു തവണ ഇതേ വിഷയത്തിൽ പരാതിപ്പെട്ടവർക്ക് നൽകിയ അതേ മറുപടി തന്നെ റയിൽവേ ഈ ചെറുപ്പക്കാരനും നൽകിയിട്ടുണ്ട്.

ഏതായാലും യാത്രാ സൗകര്യം നോക്കി വന്ദേ ഭാരത് അടക്കമുള്ള വണ്ടികൾ തെരഞ്ഞെടുക്കുന്നവർ ഭക്ഷണം വാങ്ങുന്നുണ്ടെങ്കിൽ നന്നായി നോക്കി ഉറപ്പാക്കിയിട്ടു കഴിക്കാൻ ശ്രദ്ധിക്കൂ. കുട്ടികൾ, മുതിർന്നവർ, കാഴ്ച പരിമിതർ എന്നിവരെ കൂടി സഹായിച്ചാൽ ഏറെ നന്ന്.

- Advertisement -
Share This Article
Leave a comment