ഇടവേള ബാബു അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ ആ സ്ഥാനത്ത് എത്താൻ നിരവധി പേരാണ് മത്സര രംഗത്തിറങ്ങിയത്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് മൂന്നു പേർ മത്സരിക്കാൻ തയ്യാറായി വന്നിരുന്നു. മെഗാ താരം പ്രസിഡൻ്റ് സ്ഥാനത്ത് തുടരും എന്നു കണ്ടതോടെ അവർ പിൻമാറിയതായാണ് വിവരം. അനൂപ് ചന്ദ്രൻ, കുക്കു പരമേശ്വരൻ, ജയൻ ചേർത്തല എന്നിവരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നോട്ടമിട്ടത്. നിലവിലെ പ്രസിഡൻ്റായ മോഹൻലാൽ തന്നെ വീണ്ടും രംഗത്തെത്തിയപ്പോൾ മൂവരും പിൻമാറുകയായിരുന്നു.
ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച ഇടവേള ബാബു തുടരുന്നില്ല എന്നറിയിച്ചതിനു പിന്നാലെ മൂന്നു പേർ ജനറൽ സെക്രട്ടറി പദത്തിനു വേണ്ടി മുന്നിട്ടിറങ്ങി. സംഘടനയുടെ ഖജാൻജിയായി പ്രവർത്തിച്ചു വരികയായിരുന്ന സിദ്ദിഖ് ആണ് അവരിൽ പ്രമുഖൻ. സിദ്ദിഖിനു പുറമേ കുക്കു പരമേശ്വരനും ഉണ്ണീ ശിവപാലും മത്സര രംഗത്തുണ്ട്. ഔദ്യോഗിക പക്ഷത്തിൻ്റെ പൂർണ പിന്തുണ സിദ്ദിഖിനുള്ളതിനാൽ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് അദ്ദേഹം തന്നെ എത്താനാണ് സാധ്യത.
സംഘടനയ്ക്ക് രണ്ട് വൈസ് പ്രസിഡൻ്റുമാരാണുള്ളത്. ജഗദീഷ്, മഞ്ജുപിള്ള, ജയൻ ചേർത്തല എന്നിവർ ആ സ്ഥാനങ്ങൾക്കായി നോമിനേഷൻ നൽകിയിട്ടുണ്ട്. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, അനൂപ് ചന്ദ്രൻ എന്നിവരും മത്സരിക്കുന്നുണ്ട്. പതിനൊന്ന് അംഗങ്ങളടങ്ങിയ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് പന്ത്രണ്ടു പേർ മത്സരിക്കുന്നു. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, ടിനി ടോം, അൻസിബ ഹസൻ, വിനു മോഹൻ, അനന്യ, സരയു , ഡോ റോണി, ജോയ് മാത്യു, രമേശ് പിഷാരടി എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മറ്റിയിലേക്ക് മത്സരിക്കുന്നത്. ഉണ്ണിമുകുന്ദൻ എതിരില്ലാതെ ഖജാൻജി സ്ഥാനത്ത് എത്തിയിട്ടുണ്ട്.
വോട്ടിംഗ് അവകാശമുള്ള 506 അംഗങ്ങൾ നിലവിൽ അമ്മ യിലുണ്ട്. ഈ മാസം 30 ന് കൊച്ചിയിൽ ജനറൽ ബോഡി യോഗം ചേരുന്നുണ്ട്. അന്നു തന്നെ വോട്ടെടുപ്പു നടത്തി പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.