നാടുകാണി ചുരത്തിൽ കാട്ടാനക്കൂട്ടം പരാക്രമം നടത്തി. ചുരം വഴി പോയ കാറിലും ടെമ്പോ ട്രാവലറിലും ആന ചവിട്ടുകയും കുത്തി മറിക്കാൻ ശ്രമിക്കുകയും ചെയ്തു. ചുരത്തിനു സമീപത്തെ തകരപ്പാടിയിലാണ് ആനക്കൂട്ടമിറങ്ങി ഭീഷണി സൃഷ്ടിച്ചത്.
ഇന്നലെ അവധിയായിരുന്നതിനാൽ പതിവിൽ അധികം വാഹനങ്ങൾ ചുരം വഴി കടന്നുപോകുന്നുണ്ടായിരുന്നു. വാഹനങ്ങൾക്ക് മാർഗ തടസം സൃഷ്ടിച്ചു കൊണ്ട് അഞ്ച് ആനകളുടെ ഒരു സംഘം റോഡിൽ നിലയുറപ്പിച്ചു. ആദ്യമൊക്കെ ശാന്തരായി നിന്ന ആനകൾ മെല്ലെ അക്രമം തുടങ്ങുകയായിരുന്നു.
കാട്ടാനക്കൂട്ടത്തെ കണ്ട് വാഹനം വേഗത്തിൽ തിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ പല വാഹനങ്ങളും പരസ്പ്പരം കൂട്ടിമുട്ടി കേടുപാടുകൾ സംഭവിച്ചു. കൂടാതെ അതുവഴി വന്ന കാറിനും ടെമ്പോ ട്രാവലറിലും ആനകളുടെ ചവിട്ടേറ്റും കേടുപാടുണ്ടായി. ഈ വാഹനങ്ങളിലെ യാത്രക്കാർ ഭയന്ന് നാലുപാടും ഓടി മാറുകയായിരുന്നു