ഇറ്റാലിയന്‍ തീരത്ത് 2 വ്യത്യസ്ത ബോട്ടപകടങ്ങളിലായി 11 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേരെ കാണാനില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂയയില്‍ നിന്ന് 40 മൈല്‍ അകലെയാണ് ആദ്യ അപകടമുണ്ടായത്. 66 പേരെ കാണാതായെന്നാണ് വിവരം. മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ കുടുങ്ങി വിവിധ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്ക് കടക്കാമെന്ന പ്രതീക്ഷയില്‍ സഞ്ചരിച്ച കുടിയേറ്റക്കാരായിരുന്നു അപകടത്തില്‍പെട്ടത്. രക്ഷപെട്ടവരെ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറി. തുനീസിയയിൽ നിന്ന് പുറപ്പെട്ടു എന്ന് കരുതുന്ന കപ്പലിൽ നിന്ന് 51 പേരെ രക്ഷപ്പെടുത്തിയതായി ജർമൻ രക്ഷാപ്രവർത്തകരായ റെസ്ക്യുഷിപ് അറിയിച്ചത്.
ഇറ്റലിയിലെ കാലാബ്രിയ തീരത്തു നിന്ന് 100 മൈൽ അകലെ അയോണിയന്‍ കടലില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ രണ്ടാമത്തെ ബോട്ടപകടത്തില്‍ 26 കുട്ടികളടക്കം 66 പേരെ കാണാതായി. 12 പേരെ മറ്റൊരു ചരക്കുകപ്പലില്‍ ഉണ്ടായിരുന്നവര്‍ രക്ഷിച്ച് തുറമുഖത്തെത്തിച്ചു. ഇവരില്‍ ഒരു സ്ത്രീ പിന്നീട് മരിച്ചു. തുര്‍ക്കിയില്‍നിന്ന് പുറപ്പെട്ട കപ്പലാണ് ഇതെന്നാണ് സൂചന.