റോഡിൻ്റെ വശത്ത് നിർത്തിയിട്ടിരുന്ന കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു. കൊല്ലം ജില്ലയിലെ ചാത്തന്നൂരിനടുത്തുള്ള കാരക്കോട്ടെ നിർമാണ പ്രവൃത്തികൾ നടക്കുന്ന ദേശീയ പാതയോരത്താണ് സംഭവം. ഓടി വന്ന കാർ റോഡിൻ്റെ ഒരു ഭാഗത്ത് നിർത്തി ഇടുകയും പിന്നാലെ കാറിന് തീ പിടിക്കുകയുമായിരുന്നു.
സമീപത്തുണ്ടായിരുന്ന വർക് ഷോപ് ജീവനക്കാർ കാറിൽ തീ പടരുന്നതു കണ്ട് ഓടി എത്തിയിരുന്നു. ഡോറുകൾ ഉള്ളിൽ നിന്നും ലോക്ക് ചെയ്തിരുന്നതിനാൽ തുറക്കാൻ കഴിഞ്ഞില്ല. പൊലിസിലും അഗ്നിരക്ഷാസേനയിലും വർക് ഷോപ് ജീവനക്കാർ വിവരമറിയിച്ചു. അവരെത്തി തീ കെടുത്തിയപ്പോഴേക്കും ഡ്രൈവിംഗ് സീറ്റിലിരുന്നയാൾ മരിച്ചു പോയിരുന്നു.
ചിറക്കര സ്വദേശിയാണ് മരിച്ചതെന്നും ആത്മഹത്യയാകാനാണ് സാധ്യതയെന്നും സംശയമുണ്ട്. കുറേ ദിവസങ്ങളായി സംശയം ഇയാളെ കാണാനില്ലായിരുന്നതായും പറയുന്നു. ശരീരം പൂർണമായും കരിഞ്ഞു പോയതിനാൽ ഫോറൻസിക് പരിശോധന നടത്തി മാത്രമേ ആളെ തിരിച്ചറിയാൻ കഴിയൂ എന്ന് പൊലിസ് പറയുന്നു. ചാത്തന്നൂർ പൊലിസ് ഇൻക്വസ്റ്റ് തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.