കുവൈത്ത് അപകടത്തിൻ്റെ നടുക്കം മാറുന്നതിനു മുന്നേ ഖത്തറിൽ നിന്നു കൂടി ഒരു ദുഃഖവാർത്ത. തൃശൂർ സ്വദേശികളായ രണ്ടു യുവാക്കൾ വാഹനാപകടത്തിൽ മരണമടഞ്ഞു. ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിലെ ജീവനക്കാരായ തൃശൂർ മച്ചിങ്ങൽ സ്വദേശി മുഹമ്മദ് ത്വയിബ്, വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീൽ എന്നിവരാണ് മരിച്ചത്. ഇരുവർക്കും 21 വയസാണ് പ്രായം.
യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടസ്ഥലത്തു വച്ചു തന്നെ ഇരുവരും മരിച്ചു. ഇവരുടെ സഹയാത്രികരായിരുന്ന മറ്റു മൂന്നു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
മൃതദേഹങ്ങൾ ഖത്തറിലെ ഹമദ് ആശുപത്രിയിലേക്ക് മാറ്റി. പൊലിസ് എത്തി അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.