എറണാകുളം കടയിരുപ്പ് സർക്കാർ ഹൈസ്കൂളിലെ വിദ്യാർഥികളെ സ്കൂളിൽ വച്ച് തലവേദന, ഛർദി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ ഇന്നു രാവിലെ പ്രവേശിപ്പിച്ചു. ഡോക്ടർമാർ കുട്ടികളോട് കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ് തങ്ങൾ സ്കൂളിലേക്ക് വരുന്ന വഴി കുറച്ച് അരളി പൂവു കഴിച്ചു എന്ന് കുട്ടികൾ പറയുന്നത്.
കുട്ടികളെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികളാണിവർ. ഇവരുടെ രക്ത സാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി നൽകിയിരിക്കുകയാണ്.
കുട്ടികൾ കർശന നിരീക്ഷണത്തിൽ ആശുപത്രിയിൽ തുടരുകയാണ്. രക്തപരിശോധനാ ഫലം ലഭിച്ചതിനു ശേഷം മാത്രമേ ചികിത്സ സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ എടുക്കാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.