ഓർമയിലെ ഇന്ന്, ജൂൺ12, അഭിനേത്രി ശാരദ

At Malayalam
2 Min Read

ജനിച്ചത് 1945 ജൂൺ 12-ന് ആന്ധ്രപ്രദേശിലെ തെനാലിയിലാണ്. യഥാർഥ പേര് സരസ്വതി ദേവി എന്നും.

കുട്ടിക്കാലത്ത് തന്നെ ശാ‍രദയെ മദ്രാസിലുള്ള തന്റെ മുത്തശ്ശിയുടെ അടുത്തേക്ക് വിദ്യഭ്യാസത്തിനായി മാതാപിതാക്കൾ അയച്ചു. ഒരു സിനിമാ താരമാക്കണം എന്ന ആഗ്രഹം കൊണ്ട് തന്നെ ശാ‍രദ ആറാം വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങി.

മുതിർന്ന ശേഷം ശാ‍രദ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയിരുന്നു. ആദ്യ ചിത്രം എൻ ടി രാമ റാവു, സാവിത്രി എന്നിവർ അഭിനയിച്ച ‘കന്യ സുൽക്കം’ (1955) എന്ന തെലുങ്കു ചിത്രമാണ്. ആദ്യ കാലങ്ങളിൽ ചലച്ചിത്രങ്ങളിൽ അഭിനയിക്കുനതോടൊപ്പം തന്നെ ശാ‍രദ നാടകങ്ങളിലും അഭിനയിച്ച് പ്രശസ്തി നേടിയിരുന്നു. പ്രശസ്ത സിനിമാ നിർമ്മാതാവും സ്റ്റുഡിയോ – ലാബ് ഉടമയുമായ എൽ വി പ്രസാദ് ആണ് അന്നത്തെ സരസ്വതി ദേവിക്ക് സിനിമാ അഭിനയത്തിന്റെ ബാല പാഠങ്ങൾ പരിശീലിക്കാൻ ഏർപ്പാടാക്കിയത്‌. 1959 -ൽ തന്റെ പേര് ‘ശാ‍രദ’ എന്നാക്കി. (‘സരസ്വതി’ എന്ന പേരിൽ അന്ന് ചില നടികൾ ഉണ്ടായിരുന്നതാണ് പേരുമാറാൻ കാരണം).

പ്രസിദ്ധ സിനിമാ നിർമ്മാതാവും നടനുമായ അക്കിനേനി നാഗേശ്വര റാവുവിനോടും ഇ വി സരോജയോടുമൊപ്പം ‘ഇഡ്ഡറു മിതൃൽ’ (1961) എന്ന തെലുങ്കു സിനിമയിൽ ആണ് സരസ്വതി ദേവി എന്ന ശാരദക്ക് കാര്യമായ ഒരു വേഷം കിട്ടിയത്.

- Advertisement -

1965-ൽ സത്യൻ, പ്രേം നസീർ എന്നിവരോടൊപ്പം മലയാളചലച്ചിത്രമായ ‘ഇണപ്രാവുകൾ’ (കുഞ്ചാക്കോ) എന്ന ചിത്രത്തിലഭിനയിച്ചു. അതിനു ശേഷം ശാ‍രദ കൂടുതൽ മലയാളചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മുറപ്പെണ്ണ്'(1965); ‘കാട്ടുതുളസി'(1965); ‘ഉദ്യോഗസ്ഥ’ (1967); ‘മുൾക്കിരീടം’ (1967); ‘കാവാലം ചുണ്ടൻ’ ‘പരീക്ഷ’ (1967); ‘കാർത്തിക’ (1967); ‘ഇരുട്ടിൻറെ ആത്മാവ്’ (1967); ‘യക്ഷി’ (1968); ‘തുലാഭാരം’ (1968); ‘സ്വയംവരം’ (1972); ‘മായ’ (1972); ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ (1987) എന്നിവ ശാ‍രദയുടെ ശ്രദ്ധേയമായ മലയാളചിത്രങ്ങളാണ്.

രണ്ടയിരാമാണ്ടിനു ശേഷം അഭിനയിച്ച മഴത്തുള്ളിക്കിലുക്കം (2002); രാപ്പകൽ (2005); നായികാ (2011); സ്റ്റാലിൻ (2006, തെലുഗ്) തുടങ്ങിയവയാണ്.

എ വിൻസെൻ്റിൻ്റെ സംവിധാനത്തിൽ 1968-ൽ പുറത്തിറങ്ങിയ ‘തുലാഭാരം’ എന്ന ചിത്രമായിരുന്നു ശാരദയുടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാലുഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നു. ശാരദയായിരുന്നു ഇവയിലെല്ലാം നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെയാണ് ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി ലഭിച്ചത്. തുടർന്ന് 1972-ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. 1977-ൽ തെലുഗു ചിത്രമായ ‘നിമജ്ജന’ എന്ന ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്കാരത്തിന് ശാരദ അർഹയായി.

രാഷ്ട്രീയത്തിലും കുറച്ച് കാലം ശാ‍രദ ഉണ്ടായിരുന്നു. തെലുഗുദേശം പാർട്ടിയുടെ പ്രതിനിധിയായി സ്വന്തം മണ്ഡലമായ തെനാലിയിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടൂണ്ട്; പിന്നീട് കോൺഗ്രസ്സിൽ ചേർന്നു.

തെലുഗു നായക നടനായ ചലത്തേയാണ് ശാ‍രദ വിവാഹം ചെയ്തത്. പിന്നീട് ഇവർ വിവാഹ മോചനം നേടി. ഇപ്പോൾ സഹോദര കുടുബത്തോടൊപ്പം ചെന്നൈയിൽ കഴിയുന്നു.

Share This Article
Leave a comment