വിഷക്കൂൺ കഴിച്ച് കൊച്ചിയിൽ ഒരാൾ മരിച്ചു. വീടിനു സമീപത്തുള്ള പുരയിടം വൃത്തിയാക്കുമ്പോൾ കിട്ടിയ കൂണാണ് അപകടമുണ്ടാക്കിയത്. പനങ്ങാട് സ്വദേശിയും ചിത്രകാരനുമായിരുന്ന ഷിയാസ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. 44 വയസായിരുന്നു ഷിയാസിന്.
പുരയിടം വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷിയാസിന് കൂൺ കിട്ടിയത്. അതു ശേഖരിച്ച് വീട്ടിൽ കൊണ്ടുപോയി കഴിക്കുകയായിരുന്നു. ആദ്യം ഷിയാസാണ് ആഹാരം കഴിച്ചത്. ഭാര്യയും മക്കളും കഴിച്ചിരുന്നില്ല. ഭക്ഷണ ശേഷം ഛർദിക്കാൻ തുടങ്ങിയ ഷിയാസ് വേഗം അവശനായി. രക്തവും ഛർദിച്ചു. ഉടനേ ആശുപത്രിയിൽ എത്തിയ്ക്കുകയും വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഷിയാസ് മരിച്ചു. വിഷ കൂൺ ആണ് എന്ന് മനസിലാക്കാതെ കഴിച്ചതാണ് അപകട കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. മഴക്കാലമായതിനാൽ ധാരാളം കൂണുകൾ ഉണ്ടാകാറുണ്ടെന്നും ഭക്ഷ്യയോഗ്യമാണന്ന് ഉറപ്പില്ലാത്ത കൂണുകൾ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നും ആരോഗ്യ വിഭഗ്ധർ പറയുന്നു.