കുവൈത്തിലെ തീ പിടിത്തത്തിൽ മരിച്ചവരിൽ 11 പേർ മലയാളികൾ. മലയാളി നടത്തുന്ന കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ളാറ്റിലാണ് തീ പിടിച്ചത്. കൊല്ലം ജില്ലയിലെ പൂയപ്പള്ളി സ്വദേശിയാണ് മരിച്ചവരിൽ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏകദേശം 50 ഓളം പേർ മരിച്ചതായാണ് നിലവിൽ ലഭിക്കുന്ന വിവരം. 195 പേർ ആണ് ആറു നിലകളുള്ള ഫ്ളാറ്റിൽ താമസിച്ചിരുന്നത്.
പുലർച്ചെ നാലരയോടെയാണ് തീ പിടിച്ചതെന്നാണ് വിവരം. 160 ലേറെ പേർ തീ പിടിക്കുന്ന സമയത്ത് കെട്ടിടത്തിൽ ഉറങ്ങിക്കിടന്നതായാണ് അറിയുന്നത്. 45 ഓളം ഇന്ത്യക്കാർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. പൊള്ളലേറ്റും വിവിധ തരത്തിലുള്ള പരിക്കു പറ്റിയും ചികിത്സയിലുള്ളവരിൽ ഏറെയും ഇന്ത്യക്കാരാണ്.
അപകടത്തിൽ പ്രധാനമന്ത്രിയും മുഖ്യ മന്ത്രി പിണറായി വിജയനും ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ട നിർദേശങ്ങൾ ഇന്ത്യൻ എംബസിക്കു നൽകണമെന്ന് അഭ്യർഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിന് മുഖ്യമന്ത്രി കത്തയച്ചു.