മെയ് മാസത്തെ ശമ്പളം വൈകുന്നു എന്നാരോപിച്ച് സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള ട്രിപ്പുകൾ എടുക്കാതെ സമരത്തിൽ. മെയ് മാസത്തെ ശമ്പളം പന്ത്രണ്ടാം തീയതി ആയിട്ടും കിട്ടാത്തതിനെ തുടർന്നാണ് സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ നിസ്സഹകരണ സമരം ആരംഭിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണി മുതൽ ആരംഭിച്ച സമരം ശമ്പളം ലഭിക്കുന്നതുവരെ തുടരുമെന്ന് ജീവനക്കാർ അറിയിച്ചു. ഇതോടെ വിദഗ്ധ ചികിത്സയ്ക്ക് ഒരാശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ മാറ്റുന്നതിന് 108 ആംബുലൻസ് സേവനം ലഭിക്കാത്ത സാഹചര്യമാണ്.
പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. 50 കോടിയിലേറെ രൂപ സർക്കാരിൽ നിന്ന് ലഭിക്കാൻ കുടിശ്ശികയുണ്ടെന്ന് കാട്ടിയാണ് ജീവനക്കാരുടെ മെയ് മാസത്തെ ശമ്പളം അകാരണമായി തടഞ്ഞു വച്ചിരിക്കുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു.
ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ച് സർക്കാരിനെതിരെ തിരിക്കുന്ന നിലപാടാണ് സ്വകാര്യ കമ്പനി സ്വീകരിക്കുന്നതെന്ന് സിഐടിയു ആരോപിക്കുന്നു. കമ്പനിയുമായുള്ള മുൻധാരണ പ്രകാരം എല്ലാ മാസവും ഏഴാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്നാണ് തീരുമാനമെന്നും എന്നാൽ ഈ മാസം ഒരു മുന്നറിയിപ്പും നൽകാതെ ശമ്പളം വൈകിപ്പിക്കുകയാണെന്നും സ്കൂൾ അധ്യാന വർഷം ഉൾപ്പെടെ ആരംഭിച്ച വേളയിൽ ശമ്പളം വൈകുന്നത് ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും യൂണിയൻ ആരോപിക്കുന്നു.