കേന്ദ്രമന്ത്രിസഭയിൽ 72 മന്ത്രിമാർ. ഇതിൽ കേരളത്തിൽ നിന്നുള്ള രണ്ടു പേർ. തൃശൂരിൽ നിന്ന്, ആദ്യമായി പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി ജെ പി അംഗമായ സുരേഷ് ഗോപിയും ബി ജെ പി യുടെ മുതിർന്ന നേതാവായ ജോർജ് കുര്യനും.
തൃശൂരിൽ നിന്നൊരു കേന്ദ്രമന്ത്രി എന്ന പ്രചരണത്തിൻ്റെ അന്തിമ ഫലം കൂടിയാണ് സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിസ്ഥാനം. അവസാന നിമിഷം വരെ സുരേഷിൻ്റെ കാര്യത്തിൽ ആശയകുഴപ്പമുണ്ടായിരുന്നു. തനിക്കു കുറച്ചു സിനിമകൾ ചെയ്യാനുണ്ടനും മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി തരണമെന്നും സുരേഷ് ഗോപി മുതിർന്ന ബി ജെ പി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നതായി വാർത്തയുണ്ടായിരുന്നു. അതിനാൽ മിക്കവാറും സുരേഷ് ഗോപിയെ ഒഴിവാക്കുമെന്നും കേട്ടിരുന്നു.
ഇന്നലെ ഭാര്യാസമേതനായി ഡെൽഹിക്കു പെട്ടന്നു തിരിച്ച സുരേഷ് ഗോപി പറഞ്ഞത് ‘അദ്ദേഹം തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു’ എന്നു മാത്രമാണ്. പിന്നീടാണറിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി സുരേഷ് ഗോപിയെ നേരിട്ട് വിളിച്ച് ഉടൻ ഡെൽഹിയിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു എന്ന്. സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയാകും എന്നാണ് നിലവിലെ വിവരം.
ജോർജ് കുര്യനെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു മന്ത്രിസ്ഥാനം. സംസ്ഥാന ബി ജെ പി യിലെ വേറിട്ട മുഖമാണ് ജോർജ് കുര്യൻ. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള നേതാവായ അദ്ദേഹത്തിനു ലഭിക്കുന്ന മന്ത്രിസ്ഥാനം, തെരഞ്ഞെടുപ്പിൽ ബി ജെ പി യെ സഹായിച്ച ക്രിസ്തുമത വിശ്വാസികൾക്കുള്ള പ്രത്യുപകാരമായിട്ടാകും വിലയിരുത്തുക. ബി ജെ പി നേതാക്കൾക്കിടയിലെ സൗമ്യ മുഖം കൂടിയായ ജോർജ് കുര്യൻ്റെ മന്ത്രിസ്ഥാനം പൊതുവേ മലയാളികൾക്ക് സന്തോഷമുണ്ടാക്കുന്നതാവും എന്നാണ് ബി ജെ പിയുടെ കണക്കു കൂട്ടൽ.