മുംബൈ വിമാനത്താവളത്തിൽ മനുഷ്യ ജീവനുകൾക്ക് പുല്ലു വിലയിട്ട് വിമാനങ്ങൾ പറന്നു കളിച്ചു. ഒരേ സമയത്ത് ഒരേ റൺവേയിൽ രണ്ടു വിമാനങ്ങൾ ഒരുമിച്ചെത്തിയത് കണ്ടു നിന്നവരിൽ ഞെട്ടൽ ഉണ്ടാക്കി. ഒരു എയർ ഇന്ത്യ വിമാനം ടേക് ഓഫ് ചെയ്യുന്നു, തൊട്ടു പിന്നാലെ അതേ റൺവേയിൽ ഇൻഡിഗോയുടെ വിമാനം വന്നിറങ്ങുന്നു. ഞൊടിയിടയിൽ രണ്ടും നടന്നു. കണ്ണു ചിമ്മി അടയുന്ന നിമിഷത്തിനുള്ളിൽ എല്ലാം നടന്നു. ആരുടെയൊക്കെയോ ഭാഗ്യം എന്നല്ലാതെ ഒന്നും പറയാൻ കഴിയില്ല.
ഇൻഡിഗോ വിമാനം ഇൻഡോറിൽ നിന്നാണ് മുംബൈയിൽ പറന്നിറങ്ങിയത്. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിച്ചതാണ് എയർ ഇന്ത്യ വിമാനം. രണ്ടു വിമാനങ്ങളിലുമായി 350 ഓളം യാത്രക്കാർ. ഇൻഡിഗോ പൈലറ്റ് തനിക്കു കിട്ടിയ നിർദേശങ്ങൾ കൃത്യമായി പാലിച്ചതായി ഇൻഡിഗോ അധികൃതർ പറയുന്നു. യാത്രക്കാരുടെ സുരക്ഷക്ക് തങ്ങൾ മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്നതായും അവർ അവകാശപ്പെട്ടു.
തങ്ങൾക്കു പറന്നുയരാൻ അനുമതി കിട്ടിയതുകൊണ്ടാണ് ടേക് ഓഫ് ചെയ്തതെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ പറയുന്നു. തിരുവനന്തപുരത്തേക്കുള്ള എ ഐ 657വിമാനമായിരുന്നു ഇത്. എയർ ട്രാഫിക് കൺട്രോളിൻ്റെ അനുമതി കിട്ടിയതിനു ശേഷമാണ് തങ്ങൾ പറയുന്നയർതെന്നും എയർ ഇന്ത്യ പറയുന്നു.
അതീവ ഗുരുതരമാകേണ്ടിയിരുന്ന ഈ സാഹചര്യത്തെപ്പറ്റി അധികൃതർ അന്വേഷണം ആരംഭിച്ചതായാണ് ലഭിക്കുന്ന വിവരം.