‘തൃശൂർ ജില്ലയിലെ ചാലക്കുടി ഫ്ലൈ ഓവറിനു സമീപത്തു കൂടി നാട്ടുകാർക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് വ്യാപകമായ പരാതി. ഫ്ലൈ ഓവറിനടിയിൽ അയൽ സംസ്ഥാനക്കാരായ നിരവധി പേർ തമ്പടിച്ചിട്ടുണ്ട്. ജോലിക്കായി എത്തിയവരെന്നാണ് പറയപ്പെടുന്നത്. ഇവർ അമിത മദ്യപാനത്തിനു ശേഷം തമ്മിൽ തല്ല് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം ഇവരിൽപ്പെട്ട മൂന്നു പേർ, സൗത്ത് ജംഗ്ഷനിലെ നഗരസഭയുടെ ബസ്സ്റ്റാൻ്റിനു മുന്നിൽ കൂട്ടത്തല്ലു നടത്തുകയായിരുന്നു. പരസ്പരം അടിച്ചും ചവിട്ടിയും തറയിൽ കിടന്നുരുണ്ടും ഇവർ തമ്മിലടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെ നിലത്തു വീണു കിടന്ന ഒരാളെ സമീപത്തു കിടന്ന വലിയ കല്ലെടുത്ത് തലയിൽ അടിക്കാൻ നോക്കിയ ഒരുവനെ നാട്ടുകാരിലൊരാൾ പിന്തിരിപ്പിച്ചതിനാൽ കൊലപാതകം നടന്നില്ല. ഈ ദൃശ്യങ്ങൾ ഉൾപ്പടെ സോഷ്യൽ മീഡിയയിൽ ആരോ പോസ്റ്റു ചെയ്തിട്ടുണ്ട്.
ഇത്തരത്തിലുള്ള അയൽ സംസ്ഥാന തൊഴിലാളികളെക്കൊണ്ട് പൊറുതി മുട്ടുകയാണെന്ന് നാട്ടുകാർ പറയുന്നു. പൊലിസും മറ്റ് അധികാരികളും ഇവരെ നിലക്കു നിർത്താൻ വേണ്ട സംവിധാനം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.