താൻ രാജ്യസഭയിലേക്കോ വയനാട്ടിൽ മത്സരിക്കാനോ ഇല്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ബി ജെ പി യിലേക്കു പോകുന്നതിനേക്കാളും നല്ലത് വീട്ടിൽ വെറുതേ ഇരിക്കലാണെന്നും മുരളീധരൻ. തൃശൂരിൽ തോറ്റതിന് താൻ ആരേയും പഴി പറഞ്ഞിട്ടില്ല, ഇനിയൊട്ടു പറയുകയുമില്ല. അതിൻ്റെ പേരിൽ പ്രവർത്തകർ തമ്മിലടിക്കരുതെന്നും തോൽവി അന്വേഷിക്കാൻ ഒരു അന്വേഷണ കമ്മിഷനെയും വക്കേണ്ട കാര്യമില്ലന്നും മുരളീധരൻ പറഞ്ഞു.
കേന്ദ്രത്തിൽ ഒരു മന്ത്രിയുണ്ടാകുന്നത് നല്ലതാണെന്നു കരുതിയ യുവതലമുറ സുരേഷ് ഗോപിക്ക് വോട്ടു ചെയ്തതാകാമെന്നും മുരളീധരൻ പറയുന്നു. പ്രവർത്തകർ നിരാശരാകേണ്ട കാര്യമില്ല. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരണമെന്നും മുരളീധരൻ.
കെ സുധാകരൻ കെ പി സി സി പ്രസിഡൻ്റായി തുടരുന്നതാണ് നല്ലതെന്നും വരുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പുവരെ ആ സ്ഥാനത്ത് തുടരണമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. സജീവ പൊതു പ്രവർത്തനം നിർത്തുകയാണെന്നുള്ള തീരുമാനത്തിൽ ഒരു മാറ്റവുമുണ്ടാകില്ലന്നും മുരളീധരൻ ആവർത്തിച്ചു.