ആവേശം സിനിമ കണ്ടവർക്ക് സന്തോഷമുണ്ടെങ്കിലും പൊലിസിന് വൻ തലവേദനയാണ്. സിനിമയിലെ ഒരു പിറന്നാൾ രംഗം അപ്പടി യഥാർത്ഥ ജീവിതത്തിൽ നടപ്പാക്കിയ യുവാക്കളെ പൊലിസ് പൊക്കി അകത്താക്കി. കൂട്ടത്തിലൊരുത്തൻ്റെ പിറന്നാൾ കേക്ക് മുറിക്കാൻ ആവേശം മൂഡിൽ വടിവാൾ ഉപയോഗിച്ചതാണ് യുവാക്കൾക്കും പൊലിസിനും ഒരു പോലെ തലവേദന ആയത്.
പിറന്നാൾ കേക്ക് മുറിക്കുന്ന സീൻ യഥാർത്ഥ ജീവിതത്തിലും കയറിയങ്ങ് വൈറലായി. ‘ഗുണ്ടകളുടെ പിറന്നാൾ കേക്കുമുറി’ എന്ന അടിക്കുറിപ്പോടെയാണ് സംഗതി ക്ലച്ചു പിടിച്ചത്. പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശികളായ യുവാക്കളാണ് ഈ ‘ആവേശ അബദ്ധം’ കാണിച്ചത്. പിന്നാലെ പൊലിസ് അന്വേഷിച്ചിറങ്ങുകയായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുംപണി തുടങ്ങി.
‘ആവേശം’ കണ്ട ആവേശത്തിൽ ഇങ്ങനെ ചെയ്തതാണെന്നും പന്തളത്തുള്ള ഒരു നാടക സംഘത്തിൽ നിന്ന് തടി കൊണ്ടുണ്ടാക്കിയ വാൾ പരിചയത്തിൻ്റെ പുറത്തു സംഘടിപ്പിച്ചതാണന്നും മാപ്പാക്കണമെന്നും യുവാക്കൾ പൊലിസിനോടും കേസന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ചിനോടും പറഞ്ഞു. യുവാക്കൾ നിരപരാധികളാണന്ന് മനസിലാക്കിയ പൊലിസ്, സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതി എന്ന ഉപദേശം യുവാക്കൾക്കു നൽകിയാണ് മടക്കി അയച്ചത്.