ആക്രി വ്യാപാരത്തിന്റെ മറവിൽ നികുതി വെട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ ആസൂത്രകൻ ജിഎസ്ടി ഇൻ്റലിജൻസിൻ്റെ പിടിയിലായി. പാലക്കാട് ഓങ്ങല്ലൂർ സ്വദേശി ഉസ്മാൻ പള്ളിക്കലാണ് അറസ്റ്റിലായത്. ഉസ്മാൻ 60 വ്യാജ രജിസ്ട്രേഷനുകൾ ഉപയോഗിച്ച് ആക്രി ഉൽപന്നങ്ങൾ അന്തർസംസ്ഥാന വ്യാപാരം നടത്തുന്നതായി അന്വേഷണത്തിൽ കണ്ടെത്തി, ഇത് സംസ്ഥാനത്തിന് കോടികളുടെ നികുതി നഷ്ടമുണ്ടാക്കി.
മെയ് 23ന് ആരംഭിച്ച ഓപ്പറേഷൻ പാൽമയുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഉസ്മാനെ കസ്റ്റഡിയിലെടുത്തത്.തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സന്ദീപ് സതി സുധയാണ് കേസിൽ ആദ്യം അറസ്റ്റിലായത്. ഓപ്പറേഷൻ പാൽമ റെയ്ഡിൽ ഇതുവരെ 209 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്.