ഡ്യൂട്ടി ഡോക്ടർക്ക് മേൽ തുപ്പുകയും അസഭ്യ വർഷം നടത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. കൊല്ലം ജില്ലയിലെ മടത്തറ സർക്കാർ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ലിനിറ്റ പി മെർലിനാണ് യുവാവിൻ്റെ പരാക്രമത്തിന് ഇരയായത്.
സലീപവാസിയായ 34 കാരൻ ബിനുവാണ് ഡോക്ടറെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒ പി യിൽ ഡോക്ടറെ കാണണം എന്നാവശ്യപ്പെട്ടാണ് ഇയാൾ എത്തിയത്. അപ്പോഴേക്കും ഡോക്ടറെ കാണാൻ നീണ്ട ക്യൂ ഉണ്ടായിരുന്നു. അതൊന്നും വകവയ്ക്കാതെ അവിടെ വരി നിന്നവരെ തള്ളിത്തെറിപ്പിച്ച് അസഭ്യം പുലമ്പിക്കൊണ്ടാണ് ഇയാൾ ഡോക്ടറുടെ സമീപത്തെത്തിയത്. ഒഴിഞ്ഞു മാറാൻ ശ്രമിച്ച ഡോക്ടർക്കു നേരേ ഇയാൾ തുപ്പുകയും ആക്രമിക്കാൻ മുതിരുകയുമായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ ആശുപത്രിയിലെ മറ്റു ജീവനക്കാരും ഡോക്ടറെ കാണാനായി അവിടെയുണ്ടായിരുന്ന രോഗികളും ചേർന്ന് ഇയാളെ ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. ചിതറ പൊലിസ് എത്തി ഇയാളെ അറസ്റ്റു ചെയ്തു കൊണ്ടു പോയി.