ഇന്ത്യൻ ക്രിക്കറ്റിലെ ഓർറൗണ്ടറായ യൂസുഫ് പഠാൻ രാഷ്ട്രീയ പിച്ചിലും മികച്ച വിജയം നേടി. വെടിക്കെട്ട് ബാറ്റർ, സ്‌റ്റംപുകൾ കടപുഴകാൻ പോന്ന ലൈനും ലെങ്ത്തുമുള്ള മികച്ച ബൗളർ, കളം നിറഞ്ഞു കളിക്കുന്ന ഫീൽഡർ എന്നീ നിലകളിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്ന യൂസുഫ് പഠാനെ ക്രിക്കറ്റ് ആരാധകർ ഓർക്കുക. 2007 ലെ ട്വൻ്റി – ട്വൻ്റി ലോകകപ്പ് കിരീടം നേടിയ ടീമിലും 2008 ലെ ആദ്യ ഐ പി എൽ കിരീടം സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് ടീമിലും അംഗമായിരുന്ന യൂസുഫ് പഠാൻ മികച്ച കളിയായിരുന്നു അന്ന് പുറത്തെടുത്തിരുന്നത്.
പശ്ചിമ ബംഗാളിലെ ബഹറാംപൂർ ലോക്‌സഭാ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ഇത്തവണ യൂസുഫ് പഠാൻ. 85,022 വോട്ടിൻ്റെ വലിയ മാർജിനിൽ യൂസുഫ് കന്നി വിജയക്കൊടിനാട്ടി. ചില്ലറക്കാരനെയല്ല ഈ ഓൾ റൗണ്ടർ റൺ ഔട്ടാക്കിയത്. കോൺഗ്രസിൻ്റെ ‘യമണ്ടൻ’ നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് യൂസുഫിൻ്റെ നേരിട്ടുള്ള ത്രോയിൽ കൂടാരം കയറിയത്. ചൗധരിയാകട്ടെ ബഹറാം പൂർ മണ്ഡലത്തിലെ സിറ്റിംഗ് എം പി കൂടിയായിരുന്നു. മണ്ഡലത്തിലെ 5, 24, 516 വോട്ടർമാരാണ് യൂസുഫ് പഠാനു പാർലമെൻ്റിലേക്കു പോകാൻ സമ്മതം നൽകിയത്.