സുരേഷ് ഗോപി എന്ന നടന് ഓരോ ഘട്ടങ്ങളിലും മലയാള സിനിമ ചില അടയാളപ്പെടുത്തലുകൾ നൽകിയിരുന്നു. ആദ്യകാലങ്ങളിൽ സ്ഥിരമായി നായകൻ്റെ പെങ്ങളെ പെണ്ണുകാണാൻ വരുന്ന സുമുഖനായ ചെറുപ്പക്കാരൻ. ഒരു ഷോട്ട് അല്ലെങ്കിൽ ‘അര’ ഷോട്ട്, അതിലൊതുങ്ങിയിരുന്നു അയാൾ. അവിടന്ന് അഞ്ചോ ആറോ നായകൻമാർക്കിടയിലെ ഒരാൾ ആയി സ്ഥാനക്കയറ്റം കൊടുത്തു. പിന്നെ നായകൻ്റെ ഉറ്റ സുഹൃത്തോ വലം കയ്യോ ഒക്കെയായി മാറി. പതിയെ പതിയെ സ്വന്തമായി നായകനാകാനുള്ള ശ്രമങ്ങൾ. ചിലതേറ്റു, ചിലത് തോറ്റു. അങ്ങനെ ഇരിക്കെ ഒരു നാൾ രഞ്ജി പണിക്കരും ഷാജി കൈലാസും ചേർന്ന് അയാളെ കാക്കി അണിയിച്ചു, കയ്യിൽ തോക്കും പിടിപ്പിച്ചു. ഒന്ന് തലയുയർത്തി നിന്ന് വലം കയ്യിലെ തോക്ക് ഇടം കവിളിൽ ചേർത്തുപിടിച്ച് ഒന്ന് പാളി നോക്കാൻ പറഞ്ഞു. അതാ നിൽക്കുന്നു സിറ്റി പൊലിസ് കമ്മിഷണറായ ഭരത്ചന്ദ്രൻ ഐ പി എസ്. സ്വതവേ വർത്തമാനം പറയുന്നതിലും ചലനങ്ങളിലും അല്പം ‘ലാഗു’ള്ള സുരേഷ് ഗോപിക്കായി കേട്ടാൽ ഉച്ചി പിളർക്കുന്ന നെടുനെടുങ്കൻ ഡയലോഗുകൾ രഞ്ജി പണിക്കർ നിരത്തിവച്ചു. സ്വതസിദ്ധമായ ശൈലിയിൽ സുരേഷ് ഗോപി വച്ചു കാച്ചി. ജനം അതങ്ങ് ഏറ്റെടുത്തു. ബോക്സ് ഓഫീസ് നിറഞ്ഞു.
പിന്നെയും ഇതരത്തിൽ കുറേ വന്നു, എസ് പി യായും കമ്മിഷണറായും പലവിധ സേനാ വിഭാഗങ്ങളുടെ തൊപ്പി തലയിലേറ്റി, തോക്കെടുത്ത് പല്ലുഞെരിച്ച് സുരേഷ് ഗോപി അലറിയപ്പോൾ ആരാധകരുടെ ആവേശമിളകി. നിയമത്തെ പേടിച്ച്, തങ്ങൾക്കു ചെയ്യാനും പറയാനും കഴിയാത്തത് തിരിശീലയിലാണങ്കിലും മറ്റൊരുത്തൻ കയറിയങ്ങ് ചെയ്തപ്പോൾ മതി മറന്നു കയ്യടിച്ചു. അക്കാലത്തെ സിനിമാ മാസികകൾ സൂപ്പർ സ്റ്റാർ പട്ടം സുരേഷിനും ചാർത്തിക്കൊടുത്തു. കാക്കിയും തൊപ്പിയും തോക്കും പതിയെ പതിയെ അയാൾക്കും ചെടിക്കാൻ തുടങ്ങി. അതിനിടയിൽ ‘തോക്കു ഗോപി’ എന്നു വിളിപ്പേരുമുണ്ടായി. കാക്കി മെല്ലെ അഴിയ്ക്കാൻ തുടങ്ങിയ സുരേഷ് ഗോപി വേറേയും വേഷങ്ങളണിഞ്ഞു. അപ്പോഴേക്കും ഭരത് ചന്ദ്രനു വേണ്ടി ഡയലോഗു പറഞ്ഞ ശൈലിയും ഭാവങ്ങളുമൊക്കെ എവിടെയൊക്കെയോ തികട്ടി വന്നു കൊണ്ടേയിരുന്നു.
ഇനിയാണ് മറ്റൊന്നിൻ്റെ തുടക്കമാകുന്നത്. ഒരു സ്വകാര്യ ചാനലിൽ കോടീശ്വരൻ എന്ന പരിപാടിയിൽ സുരേഷ് ഗോപി അവതാരകനായി എത്തുന്നു. കാക്കിയും തൊപ്പിയും തോക്കുമില്ലാത്ത ഭരത് ചന്ദ്രൻ അവിടെ കത്തികയറി. പരിപാടിയിൽ എത്തുന്ന അതിഥികളോട്, ക്യാമറയിൽ നോക്കി, വിവിധ പ്രോമോകളിൽ ഒക്കെ കൈകൾ, വിരലുകൾ ഒക്കെ പ്രത്യേക രീതിയിൽ ചലിപ്പിച്ച് ‘ലാഗ് ‘ താളത്തിൽ ദേ പോയി ദാ വന്നു സുരേഷ് ഗോപി. അതും ഹിറ്റു തന്നെ.
പുറത്ത് സംസാരിക്കുമ്പോഴും മാധ്യമങ്ങളെ കാണുമ്പോഴും ഉള്ളിലെ ഭരത് ചന്ദ്രനിരുന്ന് കലിയ്ക്കാൻ തുടങ്ങി. ആ കഥാപാത്രത്തിൽ നിന്ന് സുരേഷ് ഗോപിക്കു പുറത്തു കടക്കാൻ കഴിയാത്തതു പോലെ. തലയുംകൈകളും, എന്തിന് ശരീരമാകെ തന്നെ ഭരത് ചന്ദ്രൻ്റെ ‘ബോഡി ലാംഗ്വേജാ’യി മാറി, മാറ്റി. രാഷ്ട്രീയത്തിലെത്തിയപ്പോൾ അത് വല്ലാതങ്ങ് വർധിച്ചു. പെരുന്നയിൽ ചെന്ന് ചെവിയിൽ പൂടയുള്ള നായരായപ്പോൾ, ചാനലുകളിലെ അഭിമുഖ പരിപാടികളിൽ, വിഷു കൈനീട്ടം കൊടുത്തപ്പോൾ, ശബരിമലയിൽ എത്തിയപ്പോൾ, ചാനൽ പ്രവർത്തകയുടെ ചോദ്യത്തോട് എന്നു വേണ്ട തൃശൂർ എടുക്കുമെന്നു പറഞ്ഞപ്പോഴും എടുത്തപ്പോഴുമൊക്കെ പൊതുവേദിയിലും ക്യാമറകൾക്കു മുന്നിലും അയാൾ അറിയാതെ ഭരത് ചന്ദ്രനായി മാറും.
പ്രിയ സുരേഷ് ഗോപി എം പി, അങ്ങ് അങ്ങയുടെ യഥാർത്ഥ ആത്മാംശം വീണ്ടെടുക്കണം, വർത്തമാനം പറയുമ്പോൾ, സാധാരണ സംസാരിക്കുമ്പോൾ, മറ്റുള്ളവരെ കേൾക്കുമ്പോൾ അങ്ങ് അങ്ങായി തന്നെ മാറണം. കഥാപാത്രമാകരുത്, അറിയാതെ പോലും ആ ശൈലി വരരുത്. അതിൽ നിന്ന് പുറത്തു കടക്കണം. അത് തൃശൂരായാലും തിരുവനന്തപുരം ആയാലും ഇനി അങ്ങ് ഡെൽഹിയിലായാലും. കാരണം, താങ്കളുടെ മതമോ, ജാതിയോ എന്തിന് രാഷ്ട്രീയമോ പോലും നോക്കാതെ 4 ,12 ,338 മനുഷ്യർ താങ്കൾക്കായി വോട്ടിംഗ് മെഷിനിൽ വിരലമർത്തിയിരിക്കുകയാണ്. അതിൽ താങ്കളുടെ സഹ മത്സരാർത്ഥികൾക്കായി കൈയുയർത്തിയവരേക്കാൾ മുക്കാൽ ലക്ഷത്തിലധികം സാധാരണക്കാരായ തൃശൂരിലെ മനുഷ്യരുണ്ട്. അവരെ ക്യാമറയുടെ മുന്നിൽ നിന്ന് ‘ആക്ഷൻ’ വിളികേട്ടിട്ടല്ല താങ്കൾ ഇനി കാണുന്നതെന്നും സംസാരിക്കുന്നതെന്നും ഓർക്കണേ. അവർ, താങ്കൾ കുറേക്കാലമായി പറഞ്ഞു നടന്ന ‘ തൃശൂർ ഇങ്ങെടുക്കുവാ ‘ എന്നതിനു പകരം താങ്കൾക്കതിനെ നിറഞ്ഞ മനസോടെ നൽകിയിരിക്കുകയാണ്. ദയവായി അത് മറക്കാതിരിക്കുക. താങ്കൾ ഡെൽഹിയിലെത്തും, താങ്കൾ പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ, കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ പാർലമെൻ്റംഗം എന്ന നിലയിൽ കൊള്ളാവുന്ന സ്ഥാനങ്ങൾ താങ്കൾക്ക് കിട്ടിയേക്കാം. ഓർക്കുക അവിടെയും താങ്കൾ, താങ്കൾ തന്നെ ആവുക.
ഇനി തലയിൽ വയ്ക്കും എന്ന് കഴിഞ്ഞ ദിവസം പറഞ്ഞ തൃശൂരിൽ താങ്കളെ അംഗീകരിച്ച, നാലു ലക്ഷത്തിൻ്റെ ഇരട്ടിയിലധികം മനുഷ്യർ താങ്കളെ ഇവിടെ ആവശ്യമില്ല എന്ന് വിധിച്ചവരാണ്. അവരേയും താങ്കൾ ഡെൽഹിയിൽ പ്രതിനിധീകരിക്കുന്നുണ്ട് എന്നും ഓർക്കുക. അഞ്ചു കൊല്ലം കഴിയുമ്പോൾ, താങ്കളുടെ ഒരു സിനിമയിൽ പറഞ്ഞ മാസ് ഡയലോഗു പോലെ ‘ഓർമയുണ്ടോ ഈ മുഖം’ എന്നു ചോദിച്ചാൽ ഓർമയുണ്ട് എന്നു തന്നെ അവർ പറയണം. ആ മുഖം സുരേഷ് ഗോപിയുടേത് മാത്രമായിരിക്കണം, ഭരത് ചന്ദ്രൻ്റെതാകരുത് ; ആകാൻ പാടില്ല.